India National

പ്ലാസ്റ്റിക് മുക്ത ഭാരത്തിന് ആഹ്വാനമറിയിച്ചുകൊണ്ട് രാംലീല മൈതാനിയില്‍ ദസഹറക്ക് പുതിയ രാവണന്‍

ദസഹറ ആഘോഷപ്പൊലിമക്ക് മാറ്റുകൂട്ടാനായി രാംലീല മൈതാനിയില്‍ ഇത്തവണ പുതിയൊരു രാവണന്‍ കൂടി. ഡല്‍ഹി പ്ലാസ്റ്റിക് മുക്ത നഗരമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ തിന്‍മയുടെ പ്രതീകങ്ങളിലൊന്നാക്കിയത്. ചരിത്ര പ്രസിദ്ധമായ രാംലീല മൈതാനിയില്‍ നടന്ന ദസഹറ ആഘോഷത്തില്‍ പതിവ് തെറ്റിച്ച് പടക്കങ്ങള്‍ ഇല്ലാത്ത കോലങ്ങള്‍ക്കായിരുന്നു തീകൊടുത്തത്.

മാഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ ആറെണ്ണം നിരോധിച്ച് ഉത്തരവിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനമെടുത്തിരുന്നതായും എന്നാല്‍ വ്യാവസായിക മേഖലയില്‍ ഈ തീരുമാനം കൂടുതല്‍ തിരിച്ചടികള്‍ക്കു വഴിയൊരുക്കുമെന്നു കണ്ട് അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, ചെറിയതരം കുപ്പികള്‍, സ്‌ട്രോ മുതലായവ പൂര്‍ണമായും നിരോധിക്കാന്‍ ഉദ്ദേശിച്ച ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നു. 2022നകം ഇന്ത്യയെ പ്‌ളാസ്റ്റിക് മുക്തമാക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായിരുന്നു നിരോധന നീക്കം. ദല്‍ഹിയില്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് ഭാഗികമായ നിരോധനം നിലവില്‍ വന്നിട്ടുണ്ടെങ്കിലും ഇത് പൂര്‍ണമായും നടപ്പിലാക്കിയിട്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങളെ സിമന്‍റ് നിര്‍മ്മാണ മേഖലയിലേക്ക് വഴിതിരിച്ചു വിടാനാണ് സര്‍ക്കാറിന്റെ നീക്കം.

പുരാനി ദല്‍ഹിയിലെ രാംലീല മൈതാനില്‍ നടക്കുന്ന പ്രധാന ദഹസറ ആഘോഷത്തിന് പൊലിമ കുറഞ്ഞ കാഴ്ചയായിരുന്നു ഇത്തവണ. പ്രധാനമന്ത്രി ദല്‍ഹിയിലെ ദ്വാരകയിലാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്ന രാംലീലാ മൈതാനിയിലെ ചടങ്ങില്‍ നിന്നും ജയ്ശ്രീറാം വിളി രാഷ്ട്രീയ പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ മറ്റുള്ളവര്‍ പൂര്‍ണമായും അപ്രത്യക്ഷമായതും കാണാനുണ്ടായിരുന്നു