India National

ശുചിത്വ നടപടികളുമായി ദുബൈ

മെട്രോ യാത്ര കൂടുതൽ സുരക്ഷിതം. അണുമുക്ത നടപടി തുടരും

പൊതു ഗതാഗത സംവിധാനങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകി ദുബൈ ആർ.ടി.എ. കോവിഡ് 19 രോഗം വ്യാപകമായ സാഹചര്യത്തിൽ ശുചിത്വം ഉറപ്പു വരുത്താൻ പുതിയ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.‌ ദുബൈ ബസുകൾക്കു പുറമെ മെട്രോ, ട്രാം, ജലയാനം എന്നിവിടങ്ങളിൽ മതിയായ സംരക്ഷണം ഒരുക്കിയതായി അധികൃതർ വെളിപ്പെടുത്തി. ഇതിൽ മെട്രോയിലാണ് അധികൃതർ കൂടുതൽ ശ്രദ്ധയർപ്പിക്കുന്നത്.

ദിനംപ്രതി 6.5 ലക്ഷത്തിൽപരം യാത്രക്കാർ ആശ്രയിക്കുന്നതും ലോകത്തിലെ തന്നെ വലിയ പൊതുഗതാഗത സംവിധാനവുമാണ് ദുബൈ മെട്രോ. മെട്രോയുടെ ഓരോ സർവീസിനു ശേഷവും എല്ലാ കാബിനുകളും അണുവിമുക്തമാക്കിയാണ് അടുത്ത സർവീസ് ആരംഭിക്കുന്നത്. ദുബൈ മെട്രോയിലെ യാത്രക്കാർക്ക് കൊറോണ വൈറസ് പടരാതിരിക്കാൻ കൃത്യതയാർന്ന ശുചീകരണ പ്രവർത്തനങ്ങളാണ് മുഴുവൻ സമയവും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെട്രോ ക്യാബിനുകൾക്ക് പുറമെ സ്റ്റേഷനുകളിലും മറ്റും ശുചിത്വം ഉറപ്പാക്കാൻ ആർ‌.ടി‌.എ സംരക്ഷണ നടപടികൾ സ്വീകരിച്ചു വരികയാണ്.