India

‘രാഹുല്‍ ഗാന്ധിയെ ഉടന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കണം; പ്രമേയം പാസാക്കി ഡല്‍ഹി കോണ്‍ഗ്രസ്

” കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രചോദിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്കെ കഴിയൂ, ജിഎസ്ടി മുതല്‍ കര്‍ഷക പ്രശ്‌നം വരെയുള്ള വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രവചനങ്ങള്‍ സത്യമാണ് “

രാഹുല്‍ ഗാന്ധിയെ ഉടന്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി കോണ്‍ഗ്രസ് പ്രമേയം പാസാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രചോദിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്കെ കഴിയൂ, ജിഎസ്ടി മുതല്‍ കര്‍ഷക പ്രശ്‌നം വരെയുള്ള വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രവചനങ്ങള്‍ സത്യമാണ്, നേതൃപരമായ കഴിവ് അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ തന്നെ വീണ്ടും പ്രസിഡന്റാക്കണമെന്ന പ്രമേയം പാസാക്കുന്നതെന്നും ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അനില്‍ ചൗധരി വ്യക്തമാക്കി.

പാര്‍ട്ടിയെ ശക്തമായി നയിക്കാനും വര്‍ഗീയ ജനാധിപത്യവിരുദ്ധ ശക്തികളെ ചെറുക്കാനും രാജ്യത്തെ നാശത്തിന്റെ പാതയില്‍ നിന്ന് രക്ഷിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലപ്പത്ത് രാഹുല്‍ ഗാന്ധി ആവശ്യമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂണില്‍ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് അദ്ധ്യക്ഷനുണ്ടാകുമെന്ന് നേരത്തെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. കേരളമടക്കമുള്ള ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നത്. പിന്നാലെ 2019 ഓഗസ്റ്റില്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ താത്കാലിക പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നേരത്തെ കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കത്തെഴുതിയിരുന്നു. അദ്ധ്യക്ഷനാരെന്നതടക്കമുള്ള വിഷയങ്ങളിലായിരുന്നു മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശം. ഇതിന്റെ അടിസ്ഥാനത്തില്‍ സോണിയ ഗാന്ധി ഇവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.