India National

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. പ്രതിദിന കേസുകളിൽ വൻ വർധനവ്. 24 മണിക്കൂറിനിടെ 95,000ത്തിലധികം കൊവിഡ് കേസുകളും 1,172 മരണവും റിപ്പോർട്ട് ചെയ്തു. അഞ്ചു സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതിതീവ്രമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 കൊവിഡ് കേസുകളും 1,172 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ആകെ രോഗികൾ 44,65,864ഉം മരണം 75,062 ഉം ആയി. രാജ്യത്തെ കൊവിഡ് കേസുകളിൽ 60 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് , കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രതിദിനം കേസുകൾ 23,000ത്തിലധികം റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമാണ്. ജനസാന്ദ്രത ഏറെയുള്ള നഗരങ്ങളിലെ കൊവിഡ് വ്യാപനമാണ് ആശങ്ക ഉണ്ടാകുന്നത്. ഇതിനിടെ രോഗമുക്തി നിരക്ക് 77.8 ശതമാനത്തിലെത്തി. 34.71 ലക്ഷം പേർ രോഗമുക്തരായി. മരണനിരക്ക് 1.69 ശതമാനമാണ്. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ പരീക്ഷണം തുടർന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡ്രഗ് കൺട്രോളർ ജനറൽ വിശദീകരണം തേടിയ സാഹചര്യത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് വിക്‌സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിയേക്കും.