India National

ഡൽഹിയിൽ കോവിഡ് ബാധിതർ ചികിത്സ ലഭിക്കാതെ മരിക്കുന്നതായി ആരോപണം

സൗത്ത് ഡൽഹി ഗ്രേറ്റർ കൈലാഷ് സ്വദേശി അമർ പ്രീതാണ് പിതാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി വ്യക്തമാക്കി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ട്വീറ്റ് ചെയ്തത്

ഡൽഹിയിൽ കോവിഡ് ബാധിതർ ചികിത്സ ലഭിക്കാതെ മരിക്കുന്നതായി ആരോപണം. സൗത്ത് ഡൽഹി ഗ്രേറ്റർ കൈലാഷ് സ്വദേശി അമർ പ്രീതാണ് പിതാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി വ്യക്തമാക്കി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ട്വീറ്റ് ചെയ്തത്. കുടുംബാംഗങ്ങളുടെ പരിശോധന വൈകുന്നതായും അമർ പ്രീത് ആരോപിച്ചു.ആരോപണത്തിന് പിന്നാലെ ഡൽഹി സർക്കാർ പുതിയ ചികിത്സാ മാർഗ്ഗരേഖ പുറത്തിറക്കി.

സൗത്ത് ഡൽഹി ഗ്രേറ്റർ കൈലാഷ് സ്വദേശിയായ 68 വയസുകാരൻ കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിലാണ് ആരോപണം ശക്തമായിരിക്കുന്നത്. ഇന്നലെ രാവിലെയാണ് മകൾ അമർ പ്രീതിന്‍റെ ആദ്യ ട്വീറ്റ് വരുന്നത്. എല്‍.എന്‍.ജി.പി ആശുപത്രിയിൽ എട്ടുമണിയോടെ എത്തിയതാണെന്നും ഇതുവരെ ചികിത്സ ലഭിച്ചില്ലെന്നും സഹായിക്കണമെന്നും ആയിരുന്നു ട്വീറ്റ്. ചികിത്സ ലഭിച്ചില്ലെന്നും 9 മണിക്ക് പിതാവ് മരിച്ചതായും രണ്ടാം ട്വിറ്ററിൽ പറയുന്നു.

കുടുംബാംഗങ്ങളുടെ പരിശോധന അടക്കമുള്ളവ വൈകുകയാണെന്നും സഹായം ആവശ്യമാണെന്നും വ്യക്തമാക്കി വൈകുന്നേരം വീണ്ടും അമർ പ്രീത് ട്വീറ്റ് ചെയ്തിട്ടുണ്ട് . ചികിത്സ നിഷേധിച്ചിട്ടില്ല എന്നും ആശുപത്രിയിൽ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നു എന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അമർ പ്രീതിനെ കൂടാതെ സമാന അനുഭവം വ്യക്തമാക്കി നിരവധി പേർ എത്തിയിട്ടുണ്ട്. സംഭവം വിവാദമായതോട ആശുപത്രിയിലെത്തുന്ന രോഗികളെ നിർബന്ധമായും പരിശോധിക്കണമെന്ന് നിർദേശിച്ച് ഡൽഹി സർക്കാർ മാർഗരേഖ ഇറക്കി. തുടർ ചികിത്സക്ക് മാർഗമില്ലെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യണമെന്നും നിർദേശങ്ങളിൽ പറയുന്നു.

അതേസമയം പരസ്യത്തിനായി മൂന്നുദിവസംകൊണ്ട് 12 കോടി കെജ്‌രിവാൾ ചെലവാക്കി എന്നും ഈ സാഹചര്യത്തിലാണ് കോവിഡ് രോഗിക്ക് ഈ ദുര്യോഗം ഉണ്ടായതെന്നും ബി.ജെ.പി നേതാവ് കപിൽ മിശ്ര കുറ്റപ്പെടുത്തി.