India

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി; 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. എഐസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് പത്രിക പുറത്തിറക്കിയത്. അധികാരത്തിലേറിയാല്‍ യുവാക്കള്‍ക്കായി 20 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കി. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള മാര്‍ഗരേഖയാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ജാതി, മത വിവേചനങ്ങളോട് ഒറ്റക്കെട്ടായി പൊരുതാമെന്നും പിന്നോക്ക വിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശ് തിരിച്ചുപിടിക്കാനായി ബിജെപി ഒഴികെയുള്ള മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചു. കോണ്‍ഗ്രസ് പ്രകടന പത്രിക തന്നെയായിരിക്കും സഖ്യത്തിന്റെ അടിസ്ഥാനം. അതിന് അനുസൃതമായി മാത്രമേ പാര്‍ട്ടി പ്രവര്‍ത്തിക്കൂ. പ്രാദേശിക വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി ഏകജാലക സംവിധാനം കൊണ്ടുവരുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ മുഖം താനായിരിക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയത്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട 125 പേരില്‍ 50 പേരും വനിതകളാണ്. ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ആശ സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വവും ശ്രദ്ധേയമാണ്. ഇവരെ കൂടാതെ സാമൂഹ്യപ്രവര്‍ത്തക സദഫ് ജാഫറും ആശാ പ്രവര്‍ത്തകയായ പൂനം പാണ്ഡെയും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

അതേസമയം ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ഇത്തവണ ബിജെപി താരപ്രചാരകനാകില്ല. ലഖിംപുര്‍ഖേരി സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി തീരുമാനം. വരുണ്‍ഗാന്ധിയെയും താരപ്രചാരകനാക്കാതെയാണ് ബിജെപി മുന്നോട്ടുപോകുന്നത്. മന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി വി.കെ. സിങ്ഹേമ മാലിനി തുടങ്ങിയവര്‍ 30 അംഗ താരപ്രചാരക പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.