India

വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂടി

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ഇൻസെന്റീവ് റദ്ദാക്കി എണ്ണക്കമ്പനികൾ. ഇൻസന്റീവ് ഇനത്തിൽ നൽകി വന്ന 240 രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വില 1508 രൂപയിൽ നിന്നും 1748 രൂപയായി ഉയരും. ഇതോടെ ഹോട്ടലുകളടക്കം ഇനി പുതുക്കിയ നിരക്കിൽ സിലിണ്ടർ വാങ്ങേണ്ടി വരും.

ഹോട്ടലുകാർക്കും പൊതുജനത്തിനും ഒരുപോലെ ഇരുട്ടടിയാകുന്ന വർധനവാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകൾക്ക് ഉണ്ടാകാൻ പോകുന്നത്. സിലിണ്ടറൊന്നിന് നൽകിവന്ന 240 രൂപ ഇൻസന്റീവ് എടുത്തുകളഞ്ഞതോടെ വിലവർദ്ധനവ് രൂക്ഷമാകും. കേന്ദ്രം അനുവദിച്ചിരുന്ന ഇൻസന്റീവ്, നഷ്ടം ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികൾ എടുത്തുകളഞ്ഞത്. ഇൻസന്റീവ് എടുത്തുകളഞ്ഞതോടെ വിപണി വിലക്കു തന്നെ ഇനി വാണിജ്യ സിലിണ്ടറുകൾ ഡീലർമാർ വിൽക്കേണ്ടി വരും.

പുതിയ തീരുമാനത്തോടെ 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വില 1508 രൂപയിൽ നിന്നും 1748 രൂപയായി ഉയരും. ഹോട്ടൽ ഭക്ഷണത്തിനടക്കം വിലയുയരാൻ ഇത് കാരണമാകും. അതേസമയം ഇൻസന്റീവ് നിർത്തലാക്കിയത് സിലിണ്ടർ വിതരണ ഏജൻസികൾക്ക് ആശ്വാസകരമാണെന്ന് ഒരു വിഭാഗം പറയുന്നു. ഇൻസന്റീവ് തുകയെല്ലാം ഇടനിലക്കാർ ആണ് എടുത്തിരുന്നതെന്നും വിതരണക്കാർക്ക് വിൽപ്പന കൂടുമെന്നല്ലാതെ മറ്റ് ലാഭങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വാദം.