India Social Media

സൈബറിടങ്ങളിലെ ‘ദേശവിരുദ്ധ പ്രവർത്തനങ്ങൾ’ കണ്ടെത്താൻ കേന്ദ്രം സന്നദ്ധ സേവകരെ തേടുന്നു

സൈബറിടങ്ങളിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ സന്നദ്ധ സേവകരെ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ പദ്ധതി പ്രകാരം സന്നദ്ധ സേവകരാകുന്ന പൗരന്മാർ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ കണ്ടെത്തി, ഫ്ലാഗ് ചെയ്ത് സർക്കാരിന് റിപ്പോർട്ട് ചെയ്യണം. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ, ബലാത്സംഗം, തീവ്രവാദം, ദേശ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയാണ് നിയമവിരുദ്ധ ഉള്ളടക്കങ്ങളിൽ പെടുക.

പരീക്ഷണാടിസ്ഥാനത്തിൽ ജമ്മു കശ്മീർ, ത്രിപുര എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഇവിടങ്ങളിൽ ഈ പദ്ധതി എത്രത്തോളം ഉപകാരപ്പെട്ടുവെന്നു വിലയിരുത്തിയതിനു ശേഷമാണ് ബാക്കി ഇടങ്ങളിൽ നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ പദ്ധതിയുടെ നോഡൽ പോയന്റായി പ്രവർത്തിക്കും. പൗരന്മാർക്ക് അതാത് സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ സന്നദ്ധ സേവകരായി രജിസ്റ്റർ ചെയ്യാം.

അതേസമയം, എന്താണ് ദേശവിരുദ്ധ പ്രവർത്തനമെന്നതിലോ ദേശവിരുദ്ധ ഉള്ളടക്കമെന്നതിലോ സർക്കാരിന് വ്യക്തമായ നിയമ ചട്ടക്കൂടില്ല. യു.എ.പി.എ പ്രകാരമുള്ള വകുപ്പുകളാണ് ഇതിനായി ഇപ്പോൾ സർക്കാർ ഉപയോഗിക്കാറുള്ളത്.

തങ്ങൾക്ക് ഏൽപ്പിക്കപ്പെട്ട കൃത്യത്തിന്റെ രഹസ്യസ്വഭാവം സന്നദ്ധ സേവകർ നിലനിർത്തണമെന്ന് ഇതുമായി ബന്ധപ്പെട്ടു കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗരേഖയിൽ പറയുന്നു. നൽകിയ നിർദേശങ്ങൾ ലംഘിച്ചാൽ സന്നദ്ധ സേവകർക്കെതിരെ സംസ്ഥാന നോഡൽ ഓഫീസർമാർക്ക് നിയമനടപടി സ്വീകരിക്കാം.