India

പെഗസിസ് ഫോൺ ചോർത്തൽ: കൂടുതൽ സമയം ചോദിച്ച് കേന്ദ്രം

പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. വെള്ളിയാഴ്ചയ്ക്ക് മുമ്പ് പരിഗണിക്കരുതെന്ന് സോളിസിറ്റർ ജനറൽ. പറയാനുള്ളത് കോടതിയിൽ പറയണമെന്ന് ഹർജിക്കാരോട് സുപ്രിംകോടതി പറഞ്ഞു. ജുഡിഷ്യൽ സംവിധാനത്തിൽ വിശ്വാസം അർപ്പിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.

പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ ഇന്ന് സുപ്രീംകോടതിയെ നിലപാട് അറിയിക്കവെയാണ് കൂടുതൽ സമയം ആവശ്യപ്പെട്ടത്. പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകൾക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസിൽ ഉള്ളതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. വെളിപ്പെടുത്തലുകൾ സത്യമെങ്കിൽ അത് ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞിരുന്നു. മാധ്യമ പ്രവർത്തകരടക്കം സമർപ്പിച്ച ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിച്ചത്.

ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എഡിറ്റേഴ്സ് ഗിൽഡിൻറെയടക്കം പത്ത് ഹർജികളാണ് കോടതിക്ക് മുൻപിൽ ഉണ്ടായിരുന്നത്. രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗസിസിൽ കേന്ദ്ര സർക്കാർ നേരിടുന്നത്. പെഗസിസ് ഒരു കെട്ടുകഥ മാത്രമെന്ന പാർലമെൻറിലെ നിലപാട് സർക്കാരിന് സുപ്രീംകോടതിയിൽ ആവർത്തിക്കാനാവില്ല. സുപ്രീംകോടതി മുൻ ജഡ്ജിയുടെ പേരും പെഗസിസ് പട്ടികയിൽ ഉണ്ടെന്ന വെളിപ്പെടുത്തൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരുന്നു.