India National

ICMR ഡാറ്റ ബാങ്കിൽ നിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ചോർത്തി ഡാർക്ക്‌ വെബ്ബിൽ വിൽപ്പന; 4 പേർ അറസ്റ്റിൽ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നും വിവരങ്ങൾ ചോർത്തി ഡാർക്ക്‌ വെബ്ബിൽ വില്പനക്ക് വച്ച 4 പേർ അറസ്റ്റിൽ. ആധാർ പാസ്പോർട്ട് വിവരങ്ങൾ അടക്കമുള്ള വയാണ് ചോർത്തിയത്. അമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയുടെയും, പാകിസ്ഥാന്റെ സിഎൻഐസിയുടെയും വിവരങ്ങൾ ചോർത്തിയതായി പ്രതികൾ പോലീസിന് മൊഴി നൽകി.

ICMR ഡാറ്റ ബാങ്കിൽ നിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ചോർത്തി ഡാർക്ക്‌ വെബ്ബിൽ വിൽപ്പനക്ക് വച്ച കേസിലാണ് നാലുപേർ അറസ്റ്റിലായത്. ഡൽഹി പൊലീസിൻറെ സൈബർ യൂണിറ്റ് സ്വമേധയ എടുത്ത കേസിലാണ് പ്രതികളെ പിടികൂടിയത്. ആധാർ, പാസ്പോർട്ട് വിവരങ്ങൾ ചോർത്തിയെടുത്ത സംഘം ഇത് ഡാർക് വെബിൽ വിൽപനയ്ക്ക് വച്ചതായി കണ്ടെത്തിയതോടെയാണ് കേസെടുത്തത്.

ഒഡീഷ സ്വദേശിയായ ബിടെക് ബിരുദധാരി, 2 ഹരിയാന സ്വദേശികളും , ഒരു ജാൻസി സ്വദേശിയുമാണ് അറസ്റ്റിലായത്. കസ്റ്റഡിയിൽ ലഭിച്ച ഇവരെ പോലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്. ഗെയിമിംഗ് പ്ലാറ്റ്ഫോമിൽ വച്ചു പരിചയപ്പെട്ട സംഘം അതിവേഗം പണം സമ്പാദിക്കാൻ ലക്ഷ്യം വെച്ചാണ്, വിവരങ്ങൾ ചോർത്തിയതെന്നും അമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയുടെയും,പാക്കിസ്ഥാനിലെ തിരിച്ചറിയൽ രേഖയായ സിഎൻഐസിയുടെ വിവരങ്ങളും ചോർത്തിയതായി പോലീസിന് മൊഴി നൽകി.

ഡാറ്റബേസിൽ വൻ വീഴ്ചയുണ്ടെന്ന് ഒക്ടോബറിൽ ഒരു അമേരിക്കൻ ട്വിറ്റർ ഹാൻഡിലിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ ICMR ഡാറ്റ ബേസിൽ നിന്നും വിവര ചോർച്ച സംബന്ധിച്ച റിപ്പോർട്ടുകൾ സർക്കാർ നിഷേധിച്ചിരുന്നു.