India

കണ്ണൂരില്‍ വ്യാപക അക്രമം തുടരുന്നു

കണ്ണൂരില്‍ വ്യാപക അക്രമം തുടരുന്നു. തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെയും സി.പി.എം നേതാവ് പി.ശശിയുടെയും വീടിന് നേരെ ബോംബേറ്. വി.മുരളീധരന്‍ എം.പിയുടെ തറവാട് വീടിന് നേരെയും ബോംബെറിഞ്ഞു. ഇരിട്ടിയില്‍ സി.പി.എം പ്രാദേശിക നേതാവിന് വെട്ടേറ്റു.അക്രമം വ്യാപിക്കാതിരിക്കാന്‍ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ് പൊലീസ്.

സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നു ണ്ടായ അക്രമ സംഭവങ്ങള്‍ക്ക് കണ്ണൂരില്‍ അറുതിയില്ല. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി തലശ്ശേരി അടക്കമുളള മേഖലകളില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. സി.പി.എം ഏരിയ കമ്മറ്റി അംഗം വാകയില്‍ ശശിയുടെ വീടിന് നേരെ ഉണ്ടായ ബോംബേറോടെയാണ് ഇന്നലത്തെ അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. തൊട്ട് പിന്നാലെ ആര്‍.എസ്.എസ് സംഘചാലക് പി.ചന്ദ്രശേഖരന്റെ വീടിന് നേരെയും ബോംബേറുണ്ടായി. രാത്രിയോടെയാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മാടപ്പീടികയിലെ വീടിനു നേരെ ബോംബേറുണ്ടായത്.

ഷംസീറിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിന് നേരെ ബോംബേറുണ്ടായി.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ശശിയുടെ വീടിനു നേരെ ബോംബെറിഞ്ഞത്.പിന്നാലെ ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എം.പിയുടെ തലശ്ശേരി വാടിയില്‍ പീടികയിലുളള തറവാട് വീടിന് നേരെയും ഒരു സംഘം ബോംബെറിഞ്ഞു. മുളീധരന്റെ സഹോദരിയും ഭര്‍ത്താവുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ ഇരിട്ടി പെരുംപറമ്പില്‍ സി.പി.എം പ്രാദേശിക നേതാവ് പി.കെ വിശാഖിന് വെട്ടേറ്റിട്ടുണ്ട്. ഇയാളെ കണ്ണൂരിലെ സ്വാകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അക്രമം പടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ എസ്.പിയുടെ നേതൃത്വത്തില്‍ തലശേരി മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.