ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കാര്‍ഷിക നിയമങ്ങളെച്ചൊല്ലി ബി.ജെ.പി-ജെ.ജെ.പി സഖ്യത്തില്‍ വിള്ളലുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കൂടിക്കാഴ്ച.
തന്റെ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദത്തെ ദുഷ്യന്ത് ചൗട്ടാല തള്ളിക്കളഞ്ഞു. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലെന്നും ഞങ്ങള്‍ അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിക്കുമെന്നും ചൗട്ടാല പ്രതികരിച്ചു.
2019 ല്‍ 40 സീറ്റുകളുള്ള ബി.ജെ.പി 10 സീറ്റുകള്‍ നേടിയ ജെ.ജെ.പിയുമായി കൈകോര്‍ത്താണ് 90 അംഗ നിയമസഭയില്‍ ഭൂരിപക്ഷം നേടിയത്. കര്‍ഷക സമരത്തില്‍ ജെ.ജെ.പി വലിയ തിരിച്ചടി ഭയക്കുന്നുണ്ട്.