India National

2014 മഹാരാഷ്ട്ര-ഹരിയാന തെരഞ്ഞെടുപ്പ് ; ബി.ജെ.പി ചെലവാക്കിയത് കോണ്‍ഗ്രസിന്‍റെ നാലിരട്ടി

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങള്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലുമായി 2014 ല്‍ നടന്ന തെരഞ്ഞെടുപ്പിലെ വിവിധ പാര്‍ട്ടികളുടെ സാമ്പത്തിക വരവു, ചെലവു വിവരങ്ങള്‍ പുറത്ത് വന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാ(എ.ഡി.ആര്‍)ണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. 217.68 കോടി രൂപ ചെലവഴിച്ച് ബി.ജെ.പിയാണ് പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള കോണ്ഗ്രസ് 57.27 കോടി രൂപയാണ് ചെലവഴിച്ചത്.

ആദായ നികുതി വകുപ്പിന്റെയും, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും മുമ്പാകെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച സാമ്പത്തിക വരവു ചിലവു കണക്കുകളില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഇലക്ഷന്‍ പ്രഖ്യാപിച്ചതു മുതല്‍ അവസാനിച്ചതു വരേയുള്ള കാലയളവില്‍ ഒാരോ പാര്‍ട്ടികള്‍ക്കും ലഭിച്ചതും ചെലവഴിച്ചതുമായ മുഴുവന്‍ ഫണ്ടുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

2014 മഹാരാഷ്ട്ര-ഹരിയാന തെരഞ്ഞെടുപ്പിനായി ആറ് ദേശീയ പാര്‍ട്ടികളും ഒമ്പത് പ്രാദേശിക പാര്‍ട്ടികളും കൂടി 357.21 കോടി രൂപയാണ് ആകെ ചെലവഴിച്ചത്. ഈ തുകയുടെ 60.94 ശതമാനവും ചെലവഴിച്ചിരിക്കുന്നത് ബി.ജെ.പിയാണ്.

ഒാള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്(എ.ഐ.എഫ്.ബി), ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്(ഐ.യു.എം.എല്‍), ജനദാതള്‍ യുണൈറ്റഡ്(ജെ.ഡി.യു) എന്നീ മൂന്നു പാര്‍ട്ടികള്‍ക്ക് ഇരു തിരഞ്ഞെടുപ്പുകളിലും യാതൊരു ചെലവും രേഖപ്പെടുത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനോ, ആദായ നികുതി വകുപ്പ് മുമ്പാകെയോ ഇവര്‍ ഒരു സാമ്പത്തിക രേഖകളും സമര്‍പ്പിക്കാത്തതാണതിനു കാരണമെന്ന് എ.ഡി.ആര്‍ തലവന്‍ ജഗദീപ് ചോക്കര്‍ വിശദീകരിച്ചു. ഈ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത 15 പാര്‍ട്ടികള്‍ക്കുമായി ആകെ ലഭിച്ച തുക 464.5 കോടി രൂപയാണ്. മൊത്തം ചെലവ് 357 കോടി രൂപയും. മഹാരാഷ്ട്രയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍.സി.പി) 41 കോടിയും, ശിവസേന 18 കോടി രൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് സീസണില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ച പാര്‍ട്ടിയും ബി.ജെ.പി തന്നെയാണ്. 296.74 കോടി രൂപയാണ് ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചതെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിനു ലഭിച്ചിരിക്കുന്നത് 84.37 കോടി രൂപയാണ്.

ഒാരോ പാര്‍ട്ടികളും തങ്ങള്‍ക്കു ലഭിച്ച തുകയില്‍ സിംഹഭാഗവും ചെലവഴിച്ചിരിക്കുന്നത് പരസ്യത്തിനു വേണ്ടിയാണ്. പോസ്റ്ററുകള്‍, ബാനറുകള്‍, സ്റ്റിക്കറുകള്‍, പൊതുയോഗങ്ങള്‍ എന്നിവക്കു പുറമേ മാധ്യമ പരസ്യങ്ങളും പരസ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാ ചെലവുകള്‍ക്കായി 41 കോടി രൂപയാണ് എല്ലാ പാര്‍ട്ടികളും കൂടി ചെലവഴിച്ചിരിക്കുന്നത്. അതിലധികവും താര പ്രചാരകര്‍ക്കായുള്ള യാത്രാ ചെലവുകളാണ്.

എ.ഡി.ആറിനു മുമ്പാകെ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സാമ്പത്തിക കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഫോര്‍മാറ്റില്‍, നിശ്ചിത സമയ പരിധിക്കുള്ളില്‍ സമര്‍പ്പിക്കണം, അല്ലാത്ത പക്ഷം പിഴ അടക്കമുള്ള നടപടിക്രമങ്ങള്‍ പാര്‍ട്ടികള്‍ നേരിടേണ്ടി വരുമെന്ന് വിവരിക്കുന്ന പതിമൂന്ന് പേജുള്ള ഒരു റിപ്പോര്‍ട്ടും എ.ഡി.ആര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.