India National

ഫഡ്നാവിസ് മുഖ്യമന്ത്രിയായത് കേന്ദ്ര ഫണ്ട് തിരിച്ചുനല്‍കാന്‍

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് 80 മണിക്കൂര്‍ നേരത്തേക്ക് മുഖ്യമന്ത്രിയായത് കേന്ദ്ര ഫണ്ട് തിരിച്ചുനല്‍കാനെന്ന് ബി.ജെ.പി എം.പി. മുഖ്യമന്ത്രിയായി 15 മണിക്കൂറിനകം വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം നല്‍കിയ 40,000 കോടി ഫഡ്നാവിസ് തിരിച്ചുനല്‍കിയെന്ന് എം.പി ആനന്ദ് കുമാര്‍ ഹെഗ്ഡെ വെളിപ്പെടുത്തി. വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു. രാജ്യത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദേവേന്ദ്ര ഫഡ്നാവിസ് നടത്തിയ സത്യപ്രതിജ്ഞ സംബന്ധിച്ച് വലിയ വെളിപ്പെടുത്തലാണ് ബി.ജെ.പി എം.പി ആനന്ദ് കുമാര്‍ ഹെഗ്ഡെ നടത്തിയത്. കര്‍ണാടകയില്‍ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സത്യപ്രതിജ്ഞ വന്‍ നാടകമായിരുന്നു എന്ന് ഹെഗ്ഡെ വ്യക്തമാക്കിയത്.കര്‍ണാടകയില്‍ ബി.ജെ.പിക്ക് ഭരണം ലഭിക്കുമ്പോള്‍ ഖജനാവ് കാലിയായിരുന്നു.

പ്രസ്താവനയില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ മഹാരാഷ്ട്ര വിരുദ്ധമുഖം വ്യക്തമായി. കർഷകർക്കും പാവപ്പെട്ടവര്‍ക്കും ലഭിക്കേണ്ട തുക ഗൂഢാലോചനയിലൂടെ മാറ്റി എന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു.

അതേസമയം ത്രികക്ഷി സഖ്യത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തി. ഇപ്പോഴും ഹിന്ദുത്വ ആശയങ്ങൾകൊപ്പം ആണെന്നും അത് ഉപേക്ഷിക്കില്ലെന്നും ഉദ്ധവ് താക്കറെ പറയുന്നു. ഹിന്ദുത്വ പൊതുമിനിമം പരിപാടിയുടെ ഭാഗമാണോ എന്നും സഞ്ജയ് നിരുപം ചോദിച്ചു. ഇതിനിടെ ത്രികക്ഷി സഖ്യത്തിന്‍റെ വകുപ്പ് വിഭജനം വൈകുമെന്ന ഫിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.