India National

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് 10.30ന് വിധി പ്രസ്താവിക്കുക. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ആറ് മാസം പിന്നിടുമ്പോഴാണ് സുപ്രീം കോടതി വിധി വരുന്നത്.

പ്രത്യേക പദവി നീക്കം ചെയ്ത് കേന്ദ്ര ഭരണ പ്രദേശം ആക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റ് നാലിന് അര്‍ദ്ധ രാത്രിയാണ് ജമ്മുകാശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കുകയും ആശയ വിനിമയ സംവിധാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

ഈ നടപടികളുടെ ഭരണഘടന സാധുതയിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുക. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍ തുടങ്ങിയവരാണ് ഹരജി നല്‍കിയത്.

നിയമങ്ങളുടെയോ നടപടിക്രമങ്ങളുടെയോ പിൻബലമില്ല, ഏകപക്ഷീയമാണ്, മൗലികാവകാശങ്ങളുടെ ലംഘനമാണ്, പ്രദേശവാസികളുടെ ജീവിതം തകിടം മറിച്ചു, എല്ലാ മേഖലകളെയും തകര്‍ത്തു, ജനങ്ങളെ സര്‍ക്കാര്‍ ശിക്ഷിക്കുകയാണ് തുടങ്ങിയവയാണ് ഹരജിക്കാരുടെ വാദങ്ങൾ.

ദേശസുരക്ഷക്കും രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തിനും വേണ്ടിയായിരുന്നു നടപടി എന്നാണ് സര്‍ക്കാര്‍ വാദം. ഇതുവഴി രക്തച്ചൊരിച്ചില്‍ ഒഴിവായി. ക്രമസമാധാന പാലനത്തിന് ഇന്റര്‍നെറ്റ് നിയന്ത്രണം അനിവാര്യമായിരുന്നു എന്നും ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.