India National

വ്യോമസേന വിമാനമായ എ.എന്‍ 32 കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും തെരച്ചിലില്‍ പുരോഗതിയില്ല

വ്യോമസേന വിമാനമായ എഎന്‍ 32 കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും തെരച്ചിലില്‍ പുരോഗതിയില്ല. ഹെലികോപ്കടറുകളും വിമാനങ്ങളും ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണെന്ന് വ്യോമസേന അറിയിച്ചു. മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്.

സി 130 എസ് ഹെലികോപ്ടറുകളും വിമാനങ്ങളും അടക്കമുള്ളവ ഉപയോഗിച്ച് കഴിഞ്ഞ ഒരാഴ്ചയായി തെരച്ചില്‍ നടക്കുകയാണ്. എന്നാല്‍ ഇത് വരെ യാതൊരു പുരോഗതിയും കൈവരിക്കാന്‍ തെരച്ചില്‍ സംഘത്തിനായിട്ടില്ല. രാത്രിയിലും പകലുമായാണ് എ.എന്‍ 32 വിനായുള്ള അന്വേഷണം നടക്കുന്നത്.

ഈ മാസം മൂന്നിന് ഒരു മണിയോടെയാണ് വ്യോമസേന വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ചൈന അതിര്‍ത്തിയായ മെചൂക്കയിലേക്കുള്ള യാത്രമധ്യേയായിരുന്നു സംഭവം. തെരച്ചിലിനായി വിവിധ സേനവിഭാഗങ്ങളൊടൊപ്പം ഐ.എസ്.ആര്‍.ഓ യുടെ സാറ്റ്ലൈറ്റ് സഹായവും തേടിയിരുന്നു. വിമാനത്തിന്‍റെ സ്ഥലം കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇന്ത്യന്‍ വ്യോമസേന പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും യാതൊരു പുരോഗതിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കരസേനയുടെയും ഇന്തോ ടിബറ്റ് ബോര്‍ഡര്‍ പോലീസിന്‍റെയും സഹായത്തോടെ വിമാനം അവസാന ബന്ധപ്പെട്ട സ്ഥലത്തിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും തെരച്ചില്‍ നടക്കുന്നുണ്ട്. പ്രതികൂലമായ കാലാവസ്ഥയും വനപ്രദേശവുമായതാണ് പലപ്പോഴും തെരച്ചില്‍ കൃത്യമായ നടത്താന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നത്. കാണാതായ മലയാളിയായ അനൂപ് കുമാര്‍ കൊല്ലം സ്വദേശിയാണ്.