India National

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വെച്ച പ്രതിയെ ചെന്നൈയിലെത്തിച്ച് തെളിവെടുക്കും

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വെച്ച ആദിത്യ റാവുവിനെ ചെന്നൈയിലെത്തിച്ച് തെളിവെടുക്കും. ചെന്നൈയില്‍ നിന്നാണ് പ്രതി സ്ഫോടക വസ്തുവുണ്ടാക്കാനുള്ള സാധനസാമഗ്രികള്‍ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

വിമാനത്താവളത്തില്‍ സ്ഫോടക വസ്തുവെച്ച പ്രതിയെ 15 ദിവസത്തേക്ക് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പത്ത് ദിവസമാണ് കോടതി അനുവദിച്ചത്. ബുധനാഴ്ച രാവിലെ ബെംഗളൂരു പൊലീസിന് കീഴടങ്ങിയ പ്രതിയെ രാത്രിയോടെ മംഗളൂരുവില്‍ എത്തിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.

കോടതി പ്രതിയെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ ചെന്നൈയില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. ചെന്നൈയില്‍ നിന്നാണ് ഓണ്‍ലൈന്‍ വഴി സ്ഫോടക വസ്തു നിര്‍മ്മിക്കാനാവശ്യമായ സാധനങ്ങള്‍ വാങ്ങിയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയില്‍ തെളിവെടുപ്പ് നടത്തുന്നത്. അതേ സമയം പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രചാരണവും ശക്തമാണ്. എന്നാല്‍ ഇത് പൊലീസ് ഗൗരവത്തിലെടുത്തിട്ടില്ല. മാനസിക പ്രശ്നങ്ങളുള്ള ആള്‍ ഓണ്‍ലൈന്‍ വഴി സാധന സാമഗ്രകള്‍ വാങ്ങി ബോംബു നിര്‍മ്മിച്ചതെങ്ങനെ എന്നത് പൊലീസിനെ കുഴക്കുന്നുണ്ട്.