ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്കാര്‍ തന്നെ അപമാനിച്ചാല്‍ സഹിക്കും, ബംഗാളിനെ അപമാനിച്ചാല്‍ സഹിക്കില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. വിക്ടോറിയ മെമ്മോറിയലില്‍ നടന്ന നേതാജി അനുസ്മരണ ചടങ്ങില്‍ ജയ് ശ്രീറാം, ജയ് മോദി വിളികള്‍ മുഴങ്ങിയതിനെ വിമര്‍ശിച്ചാണ് മമതയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ ജയ് ശ്രീറാം മുഴങ്ങിയതോടെ പ്രസംഗിക്കാന്‍ മമത വിസമ്മതിച്ചു.
കാപട്യം നിറഞ്ഞ പാര്‍ട്ടിയാണ് ബിജെപിയെന്ന് പറഞ്ഞ മമത വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചതിങ്ങനെ-
ബിജെപി നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തേക്കാം. തന്നാല്‍ വാങ്ങിച്ചോ. പക്ഷേ പോളിങ് ബൂത്തില്‍ പ്രവേശിച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തന്നെ വോട്ട് ചെയ്യണം. കാപട്യം നിറഞ്ഞവരാണ് ബിജെപിക്കാര്‍. അവര്‍ക്ക് സ്ത്രീകളോട് ഒരു ബഹുമാനവുമില്ല.
മമത ബാനര്‍ജി
വിക്ടോറിയ മെമ്മോറിയലില്‍ നടന്ന സംഭവത്തെ കുറിച്ച് മമത പറഞ്ഞതിങ്ങനെ- “ഞാന്‍ നേതാജിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് പോയത്. ചില മതഭ്രാന്തന്മാര് എന്നെ കളിയാക്കി. അതും രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ മുന്പില് വെച്ച്. അവര്‍ക്കെന്നെ ശരിക്കും അറിയില്ല. നേതാജിക്ക് അവര്‍ ജയ് വിളിച്ചിരുന്നെങ്കില്‍ ഞാന്‍ അവരെ സല്യൂട്ട് ചെയ്തേനെ. പക്ഷേ അവര്‍ ബംഗാളിനെയും ടാഗോറിനെയുമൊക്കെ അപമാനിക്കുകയാണ് ചെയ്തത്”.
അത്യാഗ്രഹമുള്ളവര്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് തൃണമൂല്‍ വിട്ട സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവരെ ചൂണ്ടിക്കാട്ടി മമത പറഞ്ഞു. ബിജെപിയിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് പോവണം. മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതുകൊണ്ടാണ് അവര്‍ പാര്‍ട്ടി വിടുന്നതെന്നും മമത പറഞ്ഞു.