India National

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി

വരാനിരിക്കുന്ന ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന്​ ആം ആദ്മി പാർട്ടി. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മുനിസിപ്പാലിറ്റികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, ജില്ലാ, താലൂക്ക് പഞ്ചായത്തുകൾ തുടങ്ങിയവയിലേക്കുള്ള സ്​ഥാനാർഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി പുറത്തിറക്കി. 504 സ്ഥാനാർഥികളുടെ പട്ടികയാണ്​ പ്രഖ്യാപിച്ചത്​. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്കുള്ള ശക്തമായ ബദലായി പാർട്ടി ഉയർന്നുവരുമെന്നും ആം ആദ്മി പാർട്ടി വക്താവ് അതിഷി എം.എല്‍.എ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മാത്രമല്ല ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി പാർട്ടി മത്സരിക്കും. ഗുജറാത്തിലെ ജനങ്ങൾ ഒരു ബദൽ ആഗ്രഹിക്കുന്നു. ഗുജറാത്തിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും ആതിഷി പറഞ്ഞു. ‘ബിജെപിയെ ഭയപ്പെടാത്ത നേതാവ് രാജ്യത്തുണ്ടെങ്കിൽ അത് അരവിന്ദ് കെജ്‌രിവാളാണ്. ബിജെപിക്ക്​ ഭയപ്പെടുത്താനോ മോഹിപ്പിക്കാനോ കഴിയാത്ത ഒരു കക്ഷിയുണ്ടെങ്കിൽ അത് ആം ആദ്മി പാർട്ടിയാണ്. അരവിന്ദ് കെജ്‌രിവാളിന്‍റെ സൈനികരായ ഞങ്ങൾ സത്യത്തിനായുള്ള പോരാട്ടം തുടരും’ ആതിഷി പറഞ്ഞു.