India National

24 മണിക്കൂറിനിടെ 83341 പേര്‍ക്ക് കോവിഡ്; 64 ശതമാനം രോഗികളും 5 സംസ്ഥാനങ്ങളില്‍ നിന്ന്

ഡൽഹിയിൽ 2737 പുതിയ കേസുകൾ സ്ഥിരീകരിച്ചു. 67 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1096 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് 64 ശതമാനം രോഗികളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 83341 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 39,36,748 ആയി. ആകെ മരണം 68472 കടന്നു. മരണ നിരക്ക് 1.75 ശതമാനത്തിലും രോഗമുക്തി നിരക്ക് 77.09 ശതമാനത്തിലും എത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 8.31 ലക്ഷം ആളുകളാണ് ചികിത്സയിലുള്ളത്. 11 ലക്ഷത്തിന് മുകളിലാണ് പ്രതിദിന സാമ്പിൾ പരിശോധന.

രാജ്യത്താകമാനം സങ്കീർണ സാഹചര്യമെന്ന് പറയാനാകില്ലെന്നും രോഗികളില്‍ 64 ശതമാനവും മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആണെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. മഹാരാഷ്ട്രയിൽ 18105ഉം ആന്ധ്ര പ്രദേശിൽ 10,199ഉം കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ വർധനവിന് പിന്നാലെ ജാർഖണ്ഡ്, ഛത്തിസ്ഗഡ്, ഒഡിഷ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കാന്‍ കേന്ദ്ര സംഘത്തെ അയച്ചു.

ഇതിനിടെ ഡൽഹിയിൽ 2737 പുതിയ കേസുകൾ സ്ഥിരീകരിച്ചു. 67 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. രണ്ടാം ഘട്ടത്തിലേക്ക് കടന്നു എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സർക്കാർ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ഡൽഹിയിൽ വീണ്ടും പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കുന്നതിന് കേന്ദ്രം നടപടി ആരംഭിച്ചു.