India National

നിലച്ചത്‌ 1500 ലേറെ മൊബൈല്‍ ടവറുകള്‍; കര്‍ഷക രോഷത്തില്‍ ഞെട്ടിവിറച്ച് ജിയോ

ചണ്ഡീഗഡ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ രോഷം പഞ്ചാബിലെ ജിയോ മൊബൈല്‍ ടവറുകള്‍ക്കെതിരെ. റിലയന്‍സ് ജിയോയുടെ ആയിരത്തിയഞ്ഞൂറിലേറെ ടവറുകളാണ് കര്‍ഷക പ്രതിഷേധത്തില്‍ കേടായത്. ഇതുമൂലം സംസ്ഥാനത്തുടനീളം ജിയോയുടെ സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.

ടവറുകള്‍ കേടാക്കുന്നതിന് എതിരെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രംഗത്തെത്തി. ഇത്തരം കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ അദ്ദേഹം പൊലീസിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്.

കഴിഞ്ഞാഴ്ചയാണ് കര്‍ഷക പ്രതിഷേധം വ്യാപകമായി റിലയന്‍സിന് നേരെ തിരിഞ്ഞത്. ടെലികോം ടവറിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയും ജനറേറ്ററുകള്‍ കേടാക്കിയുമാണ് കര്‍ഷകര്‍ പ്രതികരിക്കുന്നത്. കര്‍ഷക നിയമത്തന്റെ പ്രധാന ഗുണഭോക്താവായി കരുതപ്പെടുന്ന മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ജിയോ.

പലയിടത്തും ജിയോ ജീവനക്കാര്‍ക്കു നേരെയും കര്‍ഷകരുടെ പ്രതിഷേധമുണ്ട്. ജലന്ധറില്‍ കമ്പനിയുടെ ഫൈബര്‍ കേബിളുകള്‍ കൂട്ടമായിട്ടു കത്തിച്ചു. കമ്പനി ജീവനക്കാര്‍ക്കു നേരെ പ്രതിഷേധക്കാര്‍ കയര്‍ക്കുന്ന വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അമരീന്ദര്‍ സിങ്‌
അമരീന്ദര്‍ സിങ്‌

പ്രതിഷേധങ്ങള്‍ പലയിടത്തും അക്രമാസക്തമായതോടെയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിഷയത്തില്‍ ഇടപെട്ടത്. അക്രമങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്നും പൊതു-സ്വകാര്യ മുതലുകള്‍ ഒന്നും നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധം നടത്തേണ്ടത് സമാധാനപരമായി ആണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാളെ ചര്‍ച്ച

അതിനിടെ, പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്തും. വിജ്ഞാന്‍ ഭവനില്‍ ഉച്ചയ്ക്ക് രണ്ടിനാണ് ചര്‍ച്ച. 40 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. പരസ്പരം വിട്ടു വീഴ്ചകള്‍ക്ക് വഴങ്ങാതെ മൂന്നാഴ്ച പിന്നിട്ട ശേഷമാണ് വീണ്ടും ചര്‍ച്ച നടക്കുന്നത്.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളാണ് നേരത്തെ അലസിയിരുന്നത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ പുതുവര്‍ഷം മുതല്‍ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ടു പോകാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍. പഞ്ചാബില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്.