India National

നാഷണല്‍ കോണ്‍ഫറന്‍സ് സംഘം ശ്രീനഗറിലെത്തി

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയെയും മകന്‍ ഒമര്‍ അബ്ദുല്ലയെയും കാണാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ സംഘം ശ്രീനഗറിലെത്തി. 15 അംഗ സംഘമാണ് കൂടിക്കാഴ്ചക്കായി ശ്രീനഗറിലെത്തിയത്. ‌തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ജമ്മുവിലെ നേതാക്കളെ വിട്ടയച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ചക്ക് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മുതല്‍ രണ്ട് മാസമായി മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയും മകന്‍ ഒമര്‍ അബ്ദുല്ലയും തടങ്കലില്‍ കഴിയുകയാണ്. ഇതിനിടെ ശ്രീനഗറിലെ വസതിയിൽ കഴിയുന്ന ഫാറൂഖ് അബ്ദുല്ലക്കെതിരെ പൊതു സുരക്ഷ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. മകന്‍ ഫാറൂഖ് അബ്ദുല്ലയെ സര്‍ക്കാര്‍ ഗസ്റ്റ് ഹൌസിലാണ് ‌തടവിലിട്ടിരിക്കുന്നത്. രണ്ട് മാസത്തിനിടെ ആദ്യമായാണ് ഇരുവരുമായും കൂടിക്കാഴ്ച നടത്താന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മറ്റ് നേതാക്കന്മാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സിന്റെ എം.എല്‍.എമാരടക്കം 15 അംഗങ്ങളടങ്ങുന്ന സംഘമാണ് കൂടിക്കാഴ്ചക്കായി ശ്രീനഗറിലെത്തിയത്.

നാഷണല്‍ കോണ്‍ഫറന്‍സിന്റെ ജമ്മു മേഖല പ്രസിഡന്റ് ദേവേന്ദ്ര സിങ് റാണയാണ് സംഘത്തെ നയിക്കുന്നത്. ‌ജമ്മുകശ്മീരില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ജമ്മുവിലെ നേതാക്കന്മാരെ നേരത്തെ വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് പാര്‍ട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയെ കാണാന്‍ നേതാക്കള്‍ അനുമതി ചോദിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് നേതാക്കന്മാരെ വിട്ടയച്ചതും കൂടിക്കാഴ്ചക്ക് അവസരമൊരുക്കുന്നതെന്നുമാണ് വിലയിരുത്തല്‍.