കോവിഡ് രോഗികളുടെ എണ്ണം 78,000 കടന്നു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ദിവസവും മൂവായിരത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണം 78,000 കടന്നു. 24 മണിക്കൂറിനിടെ 3722 കോവിഡ് കേസുകളും 134 മരണവും റിപ്പോ൪ട്ട് ചെയ്തു.
തുടർച്ചയായ ദിവസങ്ങളില്‍ 3000നും 3750നും ഇടയിലാണ് കോവിഡ് രോഗബാധിതരുടെ എണ്ണം. നിലവിൽ 49219 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 134 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 2549 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ഇത് വരെ 1001 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കാൽലക്ഷം കടന്നു. കഴിഞ്ഞ ദിവസം മാത്രം 1495 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 54 മരിക്കുകയും ചെയ്തു. ഇത് വരെ 975 പേർ ഇവിടെ മരിച്ചു.
ഡൽഹി രോഹിണിയിലെ ജയിൽ അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 20 തടവുകാരെയും 5 ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം എണ്ണായിരത്തിലേക്ക് കടന്നു. ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 9267 പേർക്ക് രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ 4173 പേർക്കും രാജസ്ഥാനിൽ 4328 പേർക്കും ഇത് വരെ രോഗം സ്ഥിരീകരിച്ചു.
രാജസ്ഥാനിൽ ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ ലക്നൗവിൽ ഇന്നലെ 28 പേ൪ക്കും ഹിമാചൽ പ്രദേശിൽ രണ്ട് പേ൪ക്കും കോവിഡ് സ്ഥിരീകരിച്ചു. ലോക്ഡൌൺ നീട്ടുന്ന കാര്യം ചർച്ച ചെയ്യാൻ കോവിഡ് മന്ത്രിതല ഉപസമിതി നാളെ യോഗം ചേരും. സംസ്ഥാനങ്ങളോട് ലോക്ഡൌൺ നീട്ടുന്ന കാര്യത്തിൽ നാളേക്ക് മുൻപ് നിർദേശങ്ങൾ നൽകണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.