മോശം കാലമാണെന്ന് തോന്നിക്കുമെങ്കിലും, ഒത്തിരി കാര്യങ്ങള്‍കൊണ്ട് ശരിയായ സമയമാണിത്
രാജ്യം കോവിഡ് എന്ന മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലാണ്. ഈ പടപൊരുതലിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ നാളുകളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അത്യന്തം ഭീതികരമായ അവസ്ഥ. മടുപ്പിന്റെയും വിഷാദത്തിന്റെയും ബോറടിപ്പിക്കലിന്റെയും നാളുകള്‍. പക്ഷെ ഈ സമയവും കടന്നുപോകുമെന്ന് ഓര്‍മിപ്പിക്കുകയാണ് ബോളിവുഡ് നടി അനുഷ്ക ശര്‍മ്മ.
അനുഷ്കയുടെ കുറിപ്പ്
എല്ലാ ഇരുണ്ട മേഘത്തിനും ഒരു വെള്ളി വരയുണ്ട്. ‘മോശം കാലമാണെന്ന് തോന്നിക്കുമെങ്കിലും, ഒത്തിരി കാര്യങ്ങള്‍കൊണ്ട് ശരിയായ സമയമാണിത്. പക്ഷേ സമയമില്ലാത്തതിന്റെ പേരില്‍ നമ്മള്‍ മാറ്റിവെച്ച പല കാര്യങ്ങളും ചെയ്യാന്‍ കിട്ടിയ സമയമാണിത്. ചെയ്യേണ്ട പലതില്‍ നിന്നും ഓടിമാറിയ, മനപ്പൂര്‍വം തിരക്കിലാവാന്‍ ശ്രമിച്ച നമ്മളെ ഈ സമയം തിരികെ അവിടെ തന്നെ കൊണ്ടുനിര്‍ത്തിയിരിക്കുന്നു.’ അനുഷ്ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
”ഈ സമയത്തെ നമ്മള്‍ മാനിച്ചാല്‍, പിന്നീടങ്ങോട്ട് നല്ല കാലമാണ് നമ്മെ കാത്തിരിക്കുന്നത്. ജീവിതത്തില്‍ ശരിക്കും എന്താണ് പ്രധാനമെന്ന് ഈ നാളുകള്‍ നമുക്ക് മനസിലാക്കി തരും. എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം, വെള്ളം, താമസിക്കാന്‍ ഒരു വീട്, കുടുംബത്തിന്റെ ആരോഗ്യം എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍. ബാക്കിയുള്ളതെല്ലാം എന്നും നന്ദിയോടെ ഓര്‍ക്കേണ്ട ബോണസുകളാണ്. അടിസ്ഥാന ആവശ്യങ്ങള്‍ അല്ലെങ്കില്‍ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കില്ല. അങ്ങനെ വിഷമതകള്‍ അനുഭവിക്കുന്ന ഒത്തിരി ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാര്‍ഥനകള്‍ എന്നും അവരുടെ ഒപ്പമുണ്ടാകും. എല്ലാവരും സുരക്ഷിതമായിരിക്കട്ടെ’ എന്ന് താരം പറഞ്ഞു.
‘വീട്ടില്‍ കുടുംബത്തോടൊപ്പം ഇരിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതില്‍ നിന്നെല്ലാം ഒത്തിരി പാഠങ്ങള്‍ നമ്മള്‍ക്ക് പഠിക്കാനുണ്ട്. ജോലിയുടെയും ജീവിതത്തിന്റെയും ഇടയില്‍ ഒരു സമതുലിതാവസ്ഥ കൊണ്ടുവരണം. ഒത്തിരി നാളായി ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യമാണത്. ആവശ്യമായ കാര്യങ്ങള്‍ക്കായി നമ്മള്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്ന പാഠം കൂടിയാണിത്’,
ഇതിനോടൊപ്പം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ താന്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നു. ‘ഒത്തിരി സൗഭാഗ്യങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍, വിഷമതകള്‍ അനുഭവിക്കുന്നവരോട് എത്രത്തോളം അനുകമ്പ തോന്നുന്നുണ്ടെന്ന് പറയാന്‍ പറ്റില്ല. എന്നെകൊണ്ട് ആവുന്ന സഹായങ്ങള്‍ ചെയ്യണം. ഈ സമയത്ത് നാം പഠിക്കുന്ന ചില പാഠങ്ങളുണ്ട്. അത് ജീവിതകാലം മുഴുവന്‍ നമുക്കൊപ്പമുണ്ടാകും”