Entertainment Health

കൊറോണ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നോ ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം

കൊറോണ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നോ ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം. വൈറസ് പരീക്ഷണ ശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തായതാകാൻ സാധ്യതയില്ലെന്നും വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത വുഹാൻ നഗരത്തിൽ അന്വേഷണം നടത്തിയ സംഘം വ്യക്തമാക്കി.

വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് പടർന്നതെന്ന് ആരോപണങ്ങളെ വിദഗ്ദ സംഘം തള്ളി. വൈറസ് മനുഷ്യനിലേക്ക് എത്തിയ വഴി സങ്കീർണമാണെന്നും കൊറോണ വൈറസുകളുടെ സമൃദ്ധ ഉറവിടമായ വവ്വാലുകളിൽ നിന്ന് മറ്റ് ഏതെങ്കിലും മാധ്യമത്തിലൂടെയാവാം ഇവ മനുഷ്യനിലെത്തിയതെന്നു കരുതുന്നതായും 10 രാജ്യങ്ങളിലെ വിദഗ്ധരടങ്ങിയ സംഘം വ്യക്തമാക്കി. കോവിഡ് ആദ്യം കണ്ടെത്തിയ ഡിസംബർ 19ന് ആഴ്ചകൾ മുൻപു തന്നെ വുഹാനിലോ മറ്റിടങ്ങളിലോ വൈറസ് പടർന്നിട്ടുണ്ടാകാമെന്നും സംഘം പറഞ്ഞു.

വൈറസിന്‍റെ ഉറവിടമെന്ന് ആരോപിക്കപ്പെട്ടിരുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും കോവിഡ് രൂക്ഷമായിരുന്ന വുഹാനിലെ കടൽവിഭവച്ചന്തയും സംഘം സന്ദർശിച്ചു. കൂടുതൽ വിശദമായ പഠനം ആവശ്യമാണെന്ന് സംഘം അറിയിച്ചു.

അതേസമയം കോവിഡ് മഹാമാരി തടയുന്നതിനുള്ള ശ്രമങ്ങളിൽ സഹകരിക്കാമെന്ന് യു.എസ് അറിയിച്ചു. ചൈനയ്ക്കെതിരെ ആരോപണം ഉന്നയിച്ച് യു.എസിലെ ട്രംപ് ഭരണകൂടം നേരത്തെ ലോകാരോഗ്യ സംഘടനയുമായി സഹകരിക്കാൻ മടിച്ചിരുന്നു