Health International

കൊവിഡ് ഗുളികയ്ക്ക് ലോകത്താദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ

കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ. ‘മോൽനുപിറാവിർ’ എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആർ.എ) അംഗീകാരം നൽകിയത്.(covid-19)

ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ്. എന്നാൽ മരുന്നിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സമ്പന്ന രാജ്യങ്ങൾ ഇവ വാങ്ങുന്നതിനുള്ള ഇടപാടുകൾക്കായി നെട്ടോട്ടമോടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അതുകൊണ്ട് കൊവിഡ് ചികിത്സയിൽ വലിയ മുന്നേറ്റമായി മാറാൻ സാധ്യതയുള്ള കണ്ടെത്തലാണിത്. അസുഖം ബാധിച്ചയുടൻ ഗുളിക കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്നാണ് ഗവേഷണത്തിൽ തെളിഞ്ഞത്. കൊവിഡ് ബാധിച്ച് ലക്ഷണങ്ങൾ തെളിഞ്ഞാൽ അഞ്ചു ദിവസത്തിനകം മരുന്ന് നൽകണമെന്നാണ് ബ്രിട്ടീഷ് ഏജൻസി നിർദേശം നൽകിയിരിക്കുന്നത്.

ഗുളികയെത്തുന്നതോടെ ആശുപത്രിക്ക് പുറത്ത് തന്നെ ഫലപ്രദ ചികിത്സ ലഭ്യമാക്കുന്നത് വൻമാറ്റമുണ്ടാക്കും. ഗുളിക യു.എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനായും സമർപ്പിച്ചിട്ടുണ്ട്. നവംബർ അവസാനത്തോടെ സമിതി ഈ അപേക്ഷ ചർച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്.