Health

പുകവലിക്കുന്നവർ ശ്രദ്ധിക്കുക, കോവിഡ് നിങ്ങളുടെ തൊട്ടരികിലുണ്ട്..

പുകവലിക്കുമ്പോൾ വിരലും ചുണ്ടും തമ്മിൽ സമ്പർക്കമുള്ളതുകൊണ്ട് കയ്യിൽ നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോ​ഗ്യ മന്ത്രാലയം പറയുന്നത്.

പുകവലി ശീലമുള്ളവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. കോവിഡ് ബാധയേൽക്കാനും ​ഗുരുതരമാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുകവലിക്കുമ്പോൾ വിരലും ചുണ്ടും തമ്മിൽ സമ്പർക്കമുള്ളതുകൊണ്ട് കയ്യിൽ നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോ​ഗ്യ മന്ത്രാലയം പറയുന്നത്.

പുകവലിക്കെതിരെ മാത്രമല്ല പുകയില ഉത്പന്നങ്ങൾക്കെതിരെയും മുന്നറിയിപ്പുണ്ട്. കൊറോണ വൈറസ് കൂടുതലായും ശ്വാസകോശത്തെയാണ് ബാധിക്കുക എന്നതുകൊണ്ട് ഇവർക്ക് രോ​ഗം ​ഗുരുതരമാകാൻ സാധ്യതയുണ്ട്. കോവിഡ് ബാധിച്ച് മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. പുകവലിക്കുന്നവരിലും പുകയില ഉത്പന്നങ്ങൾ ഉപയോ​ഗിക്കുന്നവരിലും ഹൃദയ, ശ്വാസകോശ, അർബുദ രോ​ഗങ്ങളുണ്ടായേക്കും. ഇതോടൊപ്പം കോവിഡ് കൂടി ബാധിക്കുമ്പോൾ സ്ഥിതി ​ഗുരുതരമാകും എന്നാണ് ആരോ​ഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്.

പുകവലിക്ക് പുറമേ ഖൈനി, ​ഗുഡ്ക, പാൻ മസാല, ഹുക്ക എല്ലാം അപകടകരമാണ്. പുകയില ഉത്പന്നങ്ങൾ ഉപയോ​ഗിക്കുന്നവർ അശ്രദ്ധമായി തുപ്പുന്നതും വൈറസ് വ്യാപനത്തിന് കാരണമാകും. പുകവലിക്കുന്നരിൽ പ്രതിരോധ ശേഷി കുറവായതിനാൽ വൈറസുകൾക്കെതിരെ പോരാടാൻ ശരീരത്തിന് ശേഷി കുറയുമെന്നും മുന്നറിയിപ്പുണ്ട്.