Health

കുട്ടികളിലെ അക്രമവാസന ശ്രദ്ധിച്ചില്ലെങ്കില്‍..?

കുട്ടികളിലെ ഉയർന്ന അക്രമവാസനയെ ശരിയായി ശ്രദ്ധിച്ചില്ലെങ്കില്‍ വളരും തോറും ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്ക് വഴിമാറുമെന്ന് പഠനം. ഇവ പിന്നീട് മദ്യപാനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ദുശ്ശീലങ്ങളിലേക്ക് വരെ എത്തിക്കുമെന്നാണ് പഠനം പറയുന്നത്.

ചില കുട്ടികൾ വളരെ ചെറുപ്പത്തില്‍ തന്നെ അക്രമവാസന പ്രകടിപ്പിക്കാറുണ്ട്. പല കുട്ടികളിലും ഈ സ്വഭാവം പിന്നീട് സ്കൂളില്‍ പോയി തുടങ്ങുകയും മറ്റുള്ളവരുമായി കൂട്ടുകൂടുകയും ചെയ്ത് തുടങ്ങുമ്പോള്‍ സാധാരണയായി കുറയും. എന്നാല്‍ ഒരു ചെറിയ അനുപാതം കുട്ടികളില്‍ കൗമാര പ്രായം എത്തുമ്പോഴേക്കും അക്രമവാസന കൂടാന്‍ സാധ്യതയുണ്ട്. ഇത് പിന്നീട് വലിയ കുറ്റകൃത്യങ്ങൾ നടത്താന്‍ വരെ ഇടയാക്കും.

ആൺകുട്ടികളും പെൺകുട്ടികളുമടക്കം 2,223 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കുട്ടികളിലെ അക്രമവാസന നിരീക്ഷിക്കുകയും ഇവരുടെ അമ്മമാരില്‍ നിന്നും അധ്യാപകരില്‍ നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിച്ചു. ഒന്നര വയസിനും മൂന്നര വയസിനും ഇടയിൽ കൂടിവന്നിരുന്ന അക്രമവാസന ഭൂരിഭാഗം കുട്ടികളിലും പിന്നീട് 13 വയസാകുമ്പോഴേക്കും കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി.

എന്നാല്‍ ചില കുട്ടികളില്‍ കൗമാര പ്രായം എത്തുമ്പോഴേക്കും അക്രമവാസന കൂടുന്നു. ഗർഭകാലത്ത് അമ്മക്കും, കുഞ്ഞിന് ബാല്യകാലത്തും നല്‍കുന്ന നല്ല പരിചരണങ്ങളിലൂടെ കുട്ടികളിലെ ഇത്തരം സ്വഭാവം ഒരു പരിധി വരെ തടയാമെന്ന് പഠനം പറയുന്നു.