പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങി യുഎഇ. പൊതുജനങ്ങൾക്ക് സുഗമമായി ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി ഗതാഗതനിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ ദുബായ് ആർടിഎയും അബുദാബി പൊലീസും പുറത്തിറക്കി. ദുബായ് മെട്രൊ 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും .
പുതുവത്സരാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ സർവസജ്ജമായിരിക്കുകയാണ് രാജ്യം. ട്രാം ദുബായ് മെട്രൊ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങൾ അധിക സമയം സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രൊയുടെ ഗ്രീൻ ലൈനിൽ ശനിയാഴ്ച രാവിലെ 5മുതൽ തുടങ്ങുന്ന സർവീസ് ജനുവരി രണ്ടിന് അർധരാത്രിവരെ തുടരും. ശനിയാഴ്ച രാവിലെ 6 മുതൽ തിങ്കളാഴ്ച പുലർച്ചെ 1 വരെ ദുബൈ ട്രാമും സർവീസ് നടത്തും.
ആഘോഷ സ്ഥലങ്ങളിലേക്ക് എല്ലാ സന്ദർശകരുടേയും സുഗമമായ യാത്ര ഉറപ്പാക്കാൻ സാധ്യമായ നടപടികളെല്ലാം കൈക്കൊണ്ടതായി അധികൃതർ പറഞ്ഞു. പുതുവത്സരാഘോഷങ്ങളിൽ സുരക്ഷ കണക്കിലെടുത്ത് 10000ത്തോളം ക്യാമറകളും നഗരത്തിന്റെ വിവിധയിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. അബൂദബിയിൽ ചില പ്രധാന റോഡുകളിൽ ട്രക്കുകളും ചരക്കുവാഹനങ്ങളടക്കമുള്ള വലിയ വാഹനങ്ങൾക്കും വിലക്കേർപ്പെടുത്തി. ഡിസംബർ 31 ശനിയാഴ്ച രാവിലെ 7 മുതൽ ജനുവരി 1 ഞായറാഴ്ച രാവിലെ 7 വരെയാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്.
തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകൾ, ഹെവി വാഹനങ്ങൾ, വലിയ ബസുകൾ എന്നിവയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, മുസഫ പാലം, സെക്ഷൻ ബ്രിഡ്ജ് എന്നിവയെല്ലാം വിലക്കിന്റെ പരിധിയിൽ ഉൾപ്പെടും.