Gulf

രാജ്യത്തെ മയക്കുമരുന്ന് ഉപയോ​ഗത്തിന് തടയിടാൻ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ

മയക്കുമരുന്ന് ഉപയോ​ഗത്തിന് തടയിടാൻ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ. ദുബായ് ഭരണാധികാരിയാണ് സമിതി രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് നാഷണൽ കൗൺസിലിന്റെ അധ്യക്ഷൻ. 

രാജ്യത്തെ യുവാക്കളെ മയക്കുമരുന്നിന്റെ ഉപയോ​ഗത്തിൽ നിന്ന് രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ നടപടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. മയക്കുമരുന്ന് ഉപയോ​ഗം തടയുന്നതിനൊപ്പം മയക്കുമരുന്നിന് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് കൗൺസിലിന്റെ പ്രധാന ദൗത്യം.

മയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് മെഡിക്കൽ സഹായമുൾപ്പെടെ ലഭ്യമാക്കാൻ കൗൺസിൽ നടപടികൾ സ്വീകരിക്കുമെന്നും മയക്കുമരുന്നിന്റെ ഉപയോ​ഗം സമൂഹത്തെ ബാധിച്ച കാൻസറാണെന്നും ഒരുമിച്ച് ഇതിനെതിരെ ജാ​ഗ്രതയോടെ പ്രവർത്തിക്കണണെന്നും ദുബായ് ഭരണാധികാരി പറഞ്ഞു. അതിർത്തികളിലൂടെ രാജ്യത്തേക്ക് മയക്കുമരുന്ന് എത്തുന്നത് തടയാനുളള നടപടികളും കൗൺസിലിന്റെ നേതൃത്വത്തിൽ സ്വീകരിക്കുമെന്നും മയക്കുമരുന്ന് പ്രതിരോധം ദേശസ്നേഹം പോലെ പ്രധാനപ്പെട്ട ദൗത്യമാണെന്നും അധികൃതർ പറഞ്ഞു.