Gulf

നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസികളെ വലക്കുന്നു

നീറ്റ് പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന സുപ്രീംകോടതി വിധി പ്രവാസി വിദ്യാർഥികളെയും രക്ഷിതാക്കളെയും വലക്കുന്നു. സെപ്റ്റംബർ 13നാണ് പരീക്ഷ. നാട്ടിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മക്കളെ തനിച്ചയക്കുന്നതിന്‍റെ വിഷമത്തിലാണ് മിക്ക രക്ഷിതാക്കളും.

പരീക്ഷാ തീയതി നീട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസി കുട്ടികളും രക്ഷിതാക്കളും. എന്നാൽ സുപ്രിംകോടതി വിധിയോടെ മക്കളെ പരീക്ഷക്കള നാട്ടിലേക്ക് അയക്കാനുള്ള ഓട്ടത്തിലാണിപ്പോൾ ഭൂരിഭാഗം രക്ഷിതാക്കളും.

യു.എ.ഇയിൽ നിന്ന് മാത്രം 1135 പേരാണ് നീറ്റിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നു കൂടിയാകുമ്പോൾ ഏതാണ്ട് മുവായിരത്തിലേറെ വരും. ഇവരിൽ നല്ലൊരു പപങ്കും പല കാരണങ്ങളാൽ ഗൾഫിൽ തന്നെ കുടുങ്ങിയിരിക്കുകയാണ്. കീം എൻട്രൻസ് ദുബൈയിൽ വിജയകരമായി നടന്നതാണ്. എന്തുകൊണ്ട് നീറ്റും സമാനരീതിയിൽ പാടില്ലെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.

രണ്ടാഴ്ചക്കാലം നാട്ടിലെ ക്വാറന്‍റൈന്‍ പൂർത്തീകരിച്ചു വേണം പ്രവാസി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ. ഗൾഫിൽ കേന്ദ്രം വേണമെന്ന ആവശ്യം ചില രക്ഷിതാക്കൾ കേന്ദ്ര സർക്കാറിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. നീറ്റ് പരീക്ഷയുടെ അവ്യക്തതയിൽ പ്രവാസി വിദ്യാർഥികളിൽ പലരും വിദേശ സർവകലാശാലകളിൽ ചേരാൻ നിർബന്ധിതമാകുന്ന സാഹചര്യമാണുള്ളത്.