Gulf

സൗദി സമ്പത്ത് വ്യവസ്ഥ കരുത്താര്‍ജിച്ചു, സമ്പദ് ഘടന കോവിഡിന് മുമ്പുള്ള പൂര്‍വ്വസ്ഥിതി കൈവരിച്ചതായി സൗദി മന്ത്രാലയം

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ കരുത്താര്‍ജിച്ചു വരുന്നതായി മന്ത്രിമാര്‍. നിക്ഷേപ, ധനകാര്യ മന്ത്രിമാരാണ് രാജ്യത്തിന്റെ സമ്പദ് ഘടന കോവിഡിന് മുമ്പുള്ള പൂര്‍വ്വസ്ഥിതി കൈവരിച്ചു വരുന്നതായി വിവരം നല്‍കിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ പുതിയ സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അഞ്ഞൂറിലധികം ലൈസന്‍സുകള്‍ അനുവദിച്ചതായും മന്ത്രാലയം അറിയിച്ചു.

കോവിഡിനെ ചെറുക്കുന്നതിന് സൗദി സ്വീകരിച്ച നടപടികള്‍ വിജയിച്ചതായി മന്ത്രിമാര്‍ അവകാശപ്പെട്ടു. രാജ്യത്ത് രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. നിയന്ത്രണങ്ങള്‍ നീക്കിയതോടെ സാമ്പത്തിക രംഗവും സജീവമായി. ലോക്ഡൗണിന് ശേഷം പ്രവര്‍ത്തനമാരംഭിച്ചവയില്‍ ചില മേഖലകള്‍ കരുത്താര്‍ജിച്ചത് ശുഭ സൂചനയാണെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. കോവിഡ് പിടിമുറുക്കിയ ഈ വര്‍ഷം ആദ്യ പകുതിയില്‍ 506 പുതിയ ബിസിനസ് സംരഭകത്വ ലൈസന്‍സുകള്‍ അനുവദിച്ചതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹും പറഞ്ഞു. വെര്‍ച്വല് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സൗദി സമ്പദ് വ്യവസ്ഥ തിരിച്ചു വരികയാണ്. വിദേശ നിക്ഷേപത്തിലെ വളര്‍ച്ച അടുത്തകാലത്തായി നാം കണ്ടതില്‍ ഏറ്റവും ശക്തമായ പാതയിലാണ്. ജൂണ്‍, ജൂലൈ മാസങ്ങളിലെ കണക്കുകള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. നമ്മള്‍ പൂര്‍ണ്ണമായി കോവിഡ് മുക്തമായിട്ടില്ല. ജാഗ്രതയില്‍ ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് നീങ്ങണം. അഭൂതപൂര്‍വ്വമായ വെല്ലുവിളികള്‍ നേരിട്ട വര്‍ഷമാണിത്. തുടര്‍ന്നും വൈറസിന്റെ നിലനില്‍പ്പിനെ ആശ്രയിച്ചാണ് സമ്പദ് വ്യവസ്ഥയുടെ ഭാവിയെന്നും ധനമന്ത്രി പറഞ്ഞു. മഹാമാരിയെ നേരിടുന്നതില്‍ രാജ്യത്ത് നടപ്പിലാക്കിയ ദേശിയ പരിവര്‍ത്തന പദ്ധതികള്‍ വലിയ മുതല്‍ക്കൂട്ടായെന്നും മന്ത്രി വ്യക്തമാക്കി.