പാശ്ചാത്ത്യ രാജ്യങ്ങളിലെ ഏറ്റവും വലിയ വിമാനസര്‍വീസായ ഖത്തര്‍ എയര്‍വേയ്‌സിന്റെ ലാഭത്തില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.5 ബില്യണ്‍ ഡോളറിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ലാഭമെത്തിയത്. വരാനിരിക്കുന്ന ഫിഫ ലോകകപ്പിനെ ഖത്തറില്‍ ആരാധകര്‍ വരവേല്‍ക്കാനാരിക്കെയുള്ള ഈ നേട്ടത്തെ ചരിത്രപരമായാണ് ഖത്തര്‍ എയര്‍വേയ്‌സ് അടയാളപ്പെടുത്തുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ലോകകപ്പിന് ഖത്തര്‍ സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 78 ശതമാനം വര്‍ധനവാണ് സര്‍വീസിലുണ്ടായതെന്ന് ഖത്തര്‍ എയര്‍ലൈന്‍ അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 18.5 ദശലക്ഷം യാത്രക്കാരാണ് സര്‍വീസിന്റെ ഭാഗമായത്.
അതിനിടെ ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ഖത്തര്‍ രംഗത്തെത്തിയിരുന്നു. സ്വകാര്യ വാഹനങ്ങള്‍ മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപം പാര്‍ക്ക് ചെയ്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതാണ് രീതി. പൊതുഗതാഗതം പരമാവധി ഉപയോഗപ്പെടുത്തി തിരക്ക് കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
പ്രധാന പരിപാടികളിലും പെരുന്നാള്‍ ദിനങ്ങളിലും റോഡിലെ തിരക്ക് ഒഴിവാക്കാന്‍ ഈ സൗകര്യം പരമാവധി ഉപയോഗിക്കണമെന്ന് ഖത്തര്‍ റെയില്‍ ട്വിറ്ററിലൂടെ അറിയിച്ചു. മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള 12 സ്ഥലങ്ങളില്‍ പാര്‍ക്ക്, റൈഡ് സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഒരേസമയം 18,500 വാഹനങ്ങള്‍ വരെ ഇവിടെ പാര്‍ക്ക് ചെയ്യാം.