രാജ്യത്തിന് പുറത്തുനിന്നും എമിറേറ്റ്സ് ഐഡി പുതുക്കാനാവുന്ന സംവിധാനത്തിന് തുടക്കമിട്ട് യുഎഇ അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതരാണ് പുതിയ സേവനം പ്രഖ്യാപിച്ചത്. നിരവധിപേർക്ക് ഈ സംവിധാനം ഗുണം ചെയ്യും.
ആറ് മാസത്തിൽ അധികം യുഎഇയ്ക്ക് പുറത്ത് താമസിക്കുന്ന ആളുകൾക്ക് റീ എൻട്രി പെർമിറ്റ് എടുക്കുകയും ഇതിലൂടെ വിസയും എമിറേറ്റ്സ് ഐഡിയും പുതുക്കുകയും ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് നിലവിൽ വന്നിരിക്കുന്നത്. ദുബായിൽ അമർ സെന്ററിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മറ്റ് എമിറേറ്റുകളിൽ നിന്നുമുള്ള വിസക്കാർ ഫെഡറൽ അതോരിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി ഐസിപി-യുടെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ ആണ് ഇതിനായി അപേക്ഷിക്കേണ്ടത്. മതിയായ രേഖകൾ സഹിതം സ്മാർട്ട് ആപ്പിലൂടെ ഒരു വ്യക്തിക്ക് എമിറേറ്റ്സ് ഐഡി പുതുക്കാൻ അപേക്ഷിക്കാൻ സാധിക്കും.
എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് മൊബൈലിലൂടെ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയുടെ കസ്റ്റമർ ഹാപ്പിനെസ് മാനേജ്‌മെന്റ് ഡയറക്ടർ നാസർ അഹമ്മദ് അൽ അബ്ദുൾ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. രേഖകൾ പുതുക്കുമ്പോഴും മാറ്റിയെടുക്കുമ്പോഴും എല്ലാ ഉപഭോക്താക്കളും കാലാവധി കൃത്യമായി പരിശോധിക്കണം. ഇടപാടുകളുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അപേക്ഷയോടൊപ്പം നൽകുന്ന ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ഓൺലൈൻ ഡെലിവറി സേവനങ്ങൾ എന്നിവയിൽ തെറ്റുകൾ വരാതെ ശ്രദ്ധിക്കണമെന്നും അധികൃതർ വിശദീകരിച്ചു.