മെയ് മുപ്പത് വരെ വാണിജ്യമേഖലയില്‍ കൂടുതല്‍ നിയന്ത്രണം
ഖത്തറില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കുള്ള അവധി പ്രഖ്യാപിച്ചു. മുഴുവന്‍ തൊഴിലാളികള്‍ക്കും ശമ്പളത്തോട് കൂടി മൂന്ന് ദിവസം ഈദ് അവധി നല്‍കണമെന്ന് തൊഴില്‍ സാമൂഹ്യക്ഷേമമന്ത്രാലയം ഉത്തരവിട്ടു. തൊഴില്‍മേഖലയില്‍ കോവിഡ് സുരക്ഷാ നിര്‍ദേശങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.
അതെ സമയം പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ വാണിജ്യവ്യാപാരമേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇതനുസരിച്ച് മെയ് 19 മുതല്‍ 30 വരെ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കൂ
ഈദ് അവധി ദിനങ്ങളിലും തുറന്നുപ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍ ഇനി പറയുന്നവയാണ്
- ഷോപ്പിങ് കോംപ്ലക്സുകളിലെ ഫുഡ് ഔട്ട്ലറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, പഴം പച്ചക്കറി കടകള്‍, ഡെലിവറി നടത്തുന്ന റസ്റ്റോറന്‍റുകള്‍, മധുരപലഹാരങ്ങളും മിഠായികളും വില്ക്കുന്ന കടകളും ബേക്കറികളും
- ആരോഗ്യപരിചരണ മേഖലയില്‍ ഫാര്‍മസികള്‍, ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതിയുള്ള ക്ലിനിക്കുകള്‍,
- പെട്രോള്‍ പമ്പുകള്‍, കാര്‍ ഗാരേജുകള്‍
- ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കോണ്‍ട്രാക്റ്റിങ് കമ്പനികള്‍, എഞ്ചിനീയറിങ് സൂപ്പര്‍വൈസറി
- അറ്റകുറ്റപ്പണികള്‍ നടത്തുന്ന കമ്പനികള്‍
- ബാങ്കുകളുടെ അവധിയും പ്രവര്‍ത്തനവും സംബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ സര്‍ക്കുലര്‍ ഇറക്കും.
- ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഹോം ഡെലിവറി നടത്തുന്ന സ്ഥാപനങ്ങള്‍, ഹോട്ടല്‍ മേഖലയിലെ കമ്പനികള്‍, ലോജിസ്റ്റിക് സര്‍വീസ് നടത്തുന്ന കമ്പനികള്‍, വിമാനത്താവളത്തിലെയും തുറമുഖങ്ങളിലെയും ലോജിസ്റ്റിക് കമ്പനികള്‍ തുടങ്ങിയവയ്ക്കും തുറന്നുപ്രവര്‍ത്തിക്കാം