Gulf

എണ്ണവില കുതിക്കുന്നു, രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യത വർധിച്ചതായി സാമ്പത്തിക വിദഗ്ധർ

ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. ബാരലിന് 75 ഡോളർ വരെ വില ഉയർന്നതോടെ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾക്ക് അപ്രതീക്ഷിത വരുമാന വർധനയാകും ലഭിക്കുക. അതേ സമയം ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾക്ക് ഇടിത്തീയായി മാറുകയാണ് അസംസ്കൃത എണ്ണവിലവർധന.

പിന്നിട്ട രണ്ടു മാസമായി ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വർധന പ്രകടമാണ്. 2019 ഏപ്രിൽ മാസത്തിനിപ്പുറം എണ്ണവിലയിൽ ഏറ്റവും ഉയർന്ന വർധന കൂടിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഊർജിത വാക്സിനേഷൻ നടപടികളിലൂടെ കോവിഡ് വ്യാപനം കുറക്കാനായതും ഉൽപാദന രംഗത്ത് ഉണർവ് രൂപപ്പെട്ടതും എണ്ണവിപണിക്ക് ഗുണം ചെയ്തു.

നിലവിലെ സാഹചര്യത്തിൽ എണ്ണവില അധികം വൈകാതെ നൂറിലെത്തുമെന്ന വിലയിരുത്തലും ശക്തമാണ്. ഗൾഫ് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ഏറ്റവും മികച്ച അവസ്ഥയാണ് വിലവർധനയിലൂടെ ലഭിക്കുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾ കൂടുതൽ ദുരിതത്തിലാകുന്ന അവസ്ഥയാണുള്ളത്. എണ്ണവില ഉയരുന്ന സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യതയും വർധിച്ചതായി സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. അതേ സമയം നാട്ടിൽ ജീവിത ചെലവുകൾ ഉയരുന്നത് പ്രവാസികൾക്കും തിരിച്ചടിയായി മാറും