സൗദി അറേബ്യയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 18 കിലോയിലധികം ഡിമെറ്റാംഫെറ്റാമൈന്‍ കടത്താനുള്ള ശ്രമമാണ് സൗദി അറേബ്യയിലെ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി തടഞ്ഞത്. ലഹരി കടത്തിനുള്ള മൂന്ന് ശ്രമങ്ങളും അതോറിറ്റി പരാജയപ്പെടുത്തി.
പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ആദ്യ ലഹരി കടത്ത് ശ്രമം പരാജയപ്പെടുത്തിയത്. ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ആറരക്കിലോയിലധികം ലഹരി മരുന്നുകള്‍ കണ്ടെത്തുകയായിരുന്നു.
അല്‍ ബതാ അതിര്‍ത്തിയിലാണ് രണ്ടാം ശ്രമം പരാജയപ്പെടുത്തിയത്. 1.7 കിലോയോളം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മരുന്നുകള്‍ യാത്രക്കാരന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സെറാമിക്‌സ് കൊണ്ടുവരുന്ന ട്രക്കില്‍ ഒളിപ്പിച്ച 10.114 കിലോഗ്രാം ഡിമെറ്റാംഫെറ്റാമൈനും അതിര്‍ത്തിയില്‍ വച്ച് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി കണ്ടെത്തി തടഞ്ഞു.