Entertainment

രാത്രിയെ പകലാക്കി കൊച്ചിയിലെ സ്ത്രീകൾ; വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള പിങ്ക് മിഡ് നൈറ്റ് മാരത്തൺ വൻ വിജയം

രാത്രിയെന്നാൽ സൂര്യന്റെ വെളിച്ചമില്ലാത്ത കുറച്ച് മണിക്കൂറുകളാണ്. പക്ഷേ രാത്രികളുടെ നിശബ്ദതയ്ക്കൊരു മനോഹാരിതയുണ്ട്. എന്നാൽ രാത്രിയാത്രകളെ സ്ത്രീകൾക്ക് എത്രത്തോളം ആസ്വദിക്കാനാകുന്നുണ്ട് എന്നത് ഒരു വലിയ ചോദ്യം തന്നെയാണ്. കാലമെത്ര മുന്നോട്ട് പോയിട്ടും, ഇന്റർനെറ്റ് യുഗമായിട്ടും മാറ്റമില്ലാത്തൊരു കാര്യമാണത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പേടിപ്പെടുത്തുന്ന അതിക്രമ സംഭവങ്ങൾ നമ്മൾ കാണാറും കേൾക്കാറും വായിക്കാറുമൊക്കെയുണ്ട്. ആക്രമണങ്ങൾ തുടരുന്ന ഇക്കാലത്ത് സുരക്ഷിതത്വം എന്ന വാക്ക് തന്നെ പൊള്ളയായ ഒരു പ്രയോ​​ഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

മാർച്ച് എട്ട് വനിതാ ദിനമായി ആഘോഷിക്കുമ്പോൾ സ്ത്രീകൾ എങ്ങനെയായിരിക്കും അതിനെ നോക്കിക്കാണുന്നത്?. പതിവിൽ കവിഞ്ഞൊന്നും ഇല്ലെന്നായിരിക്കും ഭൂരിഭാഗം പേരുടെയും മറുപടിയും ചിന്താ​ഗതിയും. എന്നാൽ കൊച്ചിയിലെ സ്ത്രീകൾക്ക് ഈ വനിതാദിനം ഏറെ വ്യത്യസ്തമായിരുന്നു. ട്വന്റിഫോറും ഫ്ലവേഴ്സും ചേർന്ന്ന ൽകിയ വലിയൊരു പ്രചോദനമായിരുന്നു പിങ്ക് മിഡ് നൈറ്റ് മാരത്തൺ.

രാത്രിയെ പകലാക്കാൻ സ്ത്രീകൾ കൊച്ചി നഗരത്തിലേക്ക് ഓടിയിറങ്ങുകയായിരുന്നു. വീട്ടമ്മമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നുവേണ്ട സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരാണ് വലിയ ആവേശത്തോടെ മാരത്തണിനെത്തിയത്. അതിൽ അഞ്ചരവയസുകാരി ദിവയും എഴുപതുകാരി സൂസി ജോർജും ഉൾപ്പടെ ഉണ്ടായിരുന്നു. 5 കിലോമീറ്റർ ഓടിത്തീർത്തതിന്റെ ആവേശം ഒട്ടുംചോരാതെയാണ് ദിവ അനുഭവം പങ്കുവച്ചത്. എന്നും അഞ്ച് കിലോമീറ്റർ നടക്കുന്ന സൂസി ജോർജ് പ്രായം തളർത്താത്ത പോരാളിയാണ് താനെന്ന് തെളിയിച്ചു.

മകൻ ഉറങ്ങുന്ന സമയമാണ്. പക്ഷേ കൊച്ചി സ്ത്രീ സൗഹൃദമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോൾ അതിൽ പങ്കാളിയാകാതെ മാറി നിൽക്കുന്നതെങ്ങനെ?- ഇങ്ങനെയായിരുന്നു കൈക്കുഞ്ഞുമായി ഓടാനെത്തിയ ഒരു വീട്ടമ്മയുടെ പ്രതികരണം. കാസർഗോഡ് സ്വദേശിയിൽ നിന്നുണ്ടായത് ഏറെ ഹൃദയത്തിൽ തൊട്ടൊരു പ്രതികരണമായിരുന്നു. ജീവിതത്തിലൊരിക്കൽ പോലും അർധരാത്രിയിൽ
പുറത്തിറങ്ങാത്തൊരാളാണവർ. മിഡ്നൈറ്റ് മാരത്തൺ പൂർത്തിയാക്കി, മെഡൽ കഴുത്തിലണിഞ്ഞ് നിന്ന അവരുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.

കോളജ് വിദ്യാർത്ഥികളുടെ പങ്കാളിത്തമായിരുന്നു ഏറെ ശ്രദ്ധേയം. കൊച്ചിയിലെ മാത്രമല്ല, തൃശൂരിലേയും ആലപ്പുഴയിലേയും കോളജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാരത്തണിൽ പങ്കെടുക്കാനായി മാത്രമാണെത്തിയത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ, ജോലി സമയം കഴിഞ്ഞാണ് മാരത്തണിൽ പങ്കെടുക്കാനെത്തിയത്. കൊവിഡ് കാലത്ത് നമ്മെ ചേർത്തുപിടിച്ചൊരു വിഭാഗമാണ്ആശ പ്രവർത്തകർ. കൊച്ചി കോർപ്പറേഷനിലെ 53 ആശാ പ്രവർത്തകരും മിഡ് നൈറ്റ് മാരത്തണിന്റെ ഭാഗമായപ്പോൾ ,അത് സ്ത്രീത്വത്തിന്റെ കരുത്ത് വിളിച്ചോതുന്നൊരു വേദി കൂടിയായി.