Entertainment

സംവിധായകന്‍ പാ രഞ്ജിത്തിന് അമേരിക്കന്‍ ചലച്ചിത്ര മേളയിലേക്ക് ക്ഷണം

സിനിമാ മേഖലയില്‍ വത്യസ്ത രാഷ്ട്രീയ പ്രമേയം കൊണ്ട് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട പ്രമുഖ സംവിധായകന്‍ പാ. രഞ്ജിത്ത് പ്രത്യേക ക്ഷണിതാവായി അമേരിക്കന്‍ ചലച്ചിത്ര മേളയിലേക്ക്. ‘ദലിത് ഫിലിം ആന്‍ഡ് കള്‍ച്ചര്‍ ഫെസ്റ്റിവല്‍ 2019’ലേക്കാണ് പാ. രഞ്ജിത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 23, 24 തിയ്യതികളിലായി കൊളംബിയ യൂണിവേഴ്‌സിറ്റി, ന്യൂ സ്‌കൂള്‍ എന്നിടങ്ങളിലായാണ് മേള നടക്കുന്നത്.

മറാത്തി ഫിലിം മേക്കറും ദേശീയ അവാര്‍ഡ് ജേതാവുമായ നാഗരാജ് മഞ്ജുളെ, നടിയും മുന്‍ മിസ് ഇന്ത്യ ജേതാവുമായ നിഹാരിക സിംഗ് എന്നിവര്‍ക്ക് പുറമെ പ്രത്യേക ക്ഷണിതാവായാണ് പാ രഞ്ജിത്ത് മേളയില്‍ പങ്കെടുക്കുന്നത്. മേളയില്‍ പാ രഞ്ജിത്തിന്റെ രജനി ചിത്രം ‘കാല’, അദ്ദേഹം തന്നെ നിര്‍മ്മിച്ച് മികച്ച അഭിപ്രായം നേടിയ ‘പരിയേറും പെരുമാള്‍’ എന്നീ രണ്ട് തമിഴ് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. നീരജ് ഗയ്‍വാന്റെ ‘മസാന്‍’, ജയന്‍ കെ. ചെറിയാന്റെ ‘പാപിലിയോ ബുദ്ധ’, നാഗരാജ് മഞ്ജുളയുടെ ‘ഫന്‍ഡ്രി’, സുബോധ് നാഗ്‌ദേവിന്റെ ‘ബോലെ ഇന്ത്യ ജയ് ഭിം’ എന്നീ ചിത്രങ്ങളുമായാണ് പാ രഞ്ജിത്തിന്റെ സിനിമകള്‍ മത്സരിക്കുന്നത്.

ദലിത് കാഴ്ച്ചപാടില്‍ നിന്നുകൊണ്ടുള്ള ചിത്രങ്ങള്‍ വഴി, ഒരു മുന്നേറ്റം കൊണ്ട് വരാനായോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍, പുതിയ സാഹചര്യത്തില്‍ സിനിമയുടെ ചില മേഖലയില്‍, ഇടപെടലുകളില്‍ കാലോചിതമായ മാറ്റം കൊണ്ട് വരാനായിട്ടുണ്ട്. താനുള്‍പ്പടെയുള്ളവര്‍ക്ക് സിനിമയില്‍ ഇന്നൊരു ഇടം ലഭിച്ചതായും രഞ്ജിത്ത് പറഞ്ഞു.

അമേരിക്ക ആസ്ഥാനമായുള്ള ‘അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ മിഷന്‍’ ആണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ചലച്ചിത്രങ്ങള്‍ക്ക് പുറമെ, ഡോക്യൂമെന്ററികളും മേളയില്‍ പ്രദര്‍ശിപ്പിക്കും. നാഗരാജ് മഞ്ജുളെയുടെ ‘പിസ്തുല്യ’, ധന്‍രാജിന്റെ ‘വി ഹാവ് നോട്ട് കം ഹിയര്‍ ടു ഡൈ’, ദിവ്യ ഭാരതിയുടെ ‘കക്കൂസ്’, സോമനാഥ് വാഗമറെയുടെ ‘ദ ബാറ്റില്‍ ഓഫ് ഭീമ കൊറേഗാവ്’, ‘ധലന്‍ സീരീസ്’, രാംപില്ല റാവുവിന്റെ ‘ഗാന്ധി അണ്‍ടെച്ചബിള്‍സ് ആന്‍ഡ് മി’ എന്നീ ഡോക്യുമെന്ററികളാണ് പ്രദര്‍ശിപ്പിക്കുന്നത്.