Entertainment

എട്ട് മാസത്തെ പോരാട്ടത്തിനൊടുവില്‍ ‘നോ ഫാദേഴ്സ് ഇൻ കശ്മീരി’ന് യു/എ സര്‍ട്ടിഫിക്കറ്റ്

മാസങ്ങൾ നീണ്ട വിവാദങ്ങൾക്കൊടുവിൽ നോ ഫാദേഴ്സ് ഇൻ കശ്മീർ എന്ന ചിത്രത്തിന് ഫിലിം സെർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ സർട്ടിഫിക്കറ്റ് നൽകി. നിരവധി കട്ടുകൾ നിർദേശിച്ച ശേഷം യു/എ സർട്ടിഫിക്കറ്റാണ് സിനിമക്ക് ലഭിച്ചത്. കശ്മീരിൽ കാണാതാകുന്ന അച്ഛൻമാരെക്കുറിച്ചുള്ള കുട്ടികളുടെ വ്യഥയാണ് സിനിമ.

എട്ട് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് നോ ഫാദേഴ്സ് ഇൻ കശ്മീർ എന്ന സിനിമക്ക് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഏതാനും രംഗങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് കാണിക്കണമെന്നും ഉള്ള ഉപാധികളോടെ ഫിലിം സെർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ യു/എ സർട്ടിഫിക്കറ്റ് നിർദേശിക്കുകയായിരുന്നു. ദേശീയ അവാർഡ് ജേതാവായ അശ്വിൻ കുമാർ സംവിധാനം ചെയ്ത ചിത്രം കൌമാരക്കാരായ രണ്ട് കുട്ടികൾ തമ്മിലുള്ള ഇഷ്ടവും സ്വന്തം അച്ഛനെ തേടിയുള്ള ഇവരുടെ അന്വേഷണവുമാണ്. കശ്മീരിൽ യുവാക്കളെ കാണാതാകുന്നതിന് പിന്നിലെ വാസ്തവം തേടുക കൂടിയാണ് നോ ഫാദേഴ്സ് ഇൻ കശ്മീർ.

കഴിഞ്ഞ വർഷം ജൂലൈയിലാണ് പ്രദർശനാനുമതി തേടി നിർമാതാവ് സെൻസർ ബോർഡിനെ സമീപിച്ചത്. എന്നാൽ ബോർഡ് സിനിമക്ക് എ സർട്ടിഫിക്കറ്റ് നൽകി. ഇതിനെതിരെ നവംബറിൽ ഫിലിം സെർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. ഡിസംബറിലും ജനുവരിയിലുമായി നടന്ന ഹിയറിങിന് ശേഷം സിനിമക്ക് ഉപാധികളോടെ യു/എ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. എട്ട് മാസത്തിനിടെ ആറ് തവണയാണ് സെൻസർ ബോർഡ് സിനിമ കണ്ടത്. അപ്പലേറ്റ് ട്രിബ്യൂണൽ നിർദേശിച്ച ഭേദഗതികൾക്ക് ശേഷം സെൻസർ ബോർഡിന് മുൻപാകെ അന്തിമ അനുമതിക്കായി സിനിമ വീണ്ടും പ്രദർശിപ്പിക്കും. സിനിമക്കുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് നടി ആലിയ ഭട്ട് രംഗത്തെത്തിയിരുന്നു. ആലിയയുടെ അമ്മ സോണി റസ്ദാൻ സിനിമയിൽ വേഷമിട്ടിട്ടുണ്ട്.