Entertainment Movies

നവാസുദ്ദീന്‍ സിദ്ധിഖിയുടെ താക്കറെയ്ക്ക് സമ്മിശ്ര പ്രതികരണം

ലോകമെമ്പാടുമുളള രണ്ടായിരത്തി അഞ്ചൂറോളം തിയ്യേറ്ററുകളില്‍ താക്കറെ റിലീസ് ചെയ്തു. കേരളത്തില്‍ 23 തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖിയാണ് ബാല്‍താക്കറെ ആയി എത്തുന്നത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ നവാസുദ്ദീന്‍ സിദ്ധിഖിയുടെ പ്രകടനമായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. താക്കറെയായി മോശമില്ലാത്ത പ്രകടനം തന്നെ നടന്‍ കാഴ്ചവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഹിന്ദിക്കു പുറമെ മറാത്തി ഭാഷയിലുമാണ് സിനിമയെടുത്തിരിക്കുന്നത്. അഭിജിത്ത് പാന്‍സെ ആയിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. നവാസുദ്ദീന്‍ സിദ്ധിഖിക്കൊപ്പം അമൃത റാവു, സുധീര്‍ മിശ്ര, അബ്ദുള്‍ ഖാദര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നേരത്തെ ബാല്‍ താക്കറെയുടെ വേഷം ചെയ്യുന്ന നവാസുദ്ദീന്‍ സിദ്ധിഖിക്കെതിരെയും ദക്ഷിണേന്ത്യക്കാര്‍ക്കെതിരായ സിനിമയിലെ പരാമര്‍ശങ്ങളും വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. നായകനടന്റെ മതത്തില്‍ തുടങ്ങിയായിരുന്നു നേരത്തെ വിവാദങ്ങള്‍ ആരംഭിച്ചിരുന്നത്.