Entertainment Mollywood Movies

‘മുൻകൂട്ടി തയാറാക്കിയ പദ്ധതിയോടെയല്ല സിനിമയിൽ എത്തിയത്, മുന്നോട്ടുള്ള യാത്രയെക്കുറിച്ച് അജ്ഞനാണ്’; മോഹന്‍ലാല്‍

മുൻകൂട്ടി തയാറാക്കിയ പദ്ധതിയോടെയല്ല താൻ സിനിമയിൽ എത്തിയത്. എത്ര കാലം സിനിമയിൽ ഉണ്ടാകും എന്നതിൽ താൻ അജ്ഞനാണ്. എത്ര കാലം നിങ്ങൾ കൂടെയുണ്ടാകുമോ അത്രയും കാലം താൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും. കോഴിക്കോട് നടന്ന പി.വി സാമി’ മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് എം.ടി വാസുദേവൻ നായരിൽ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ലാൽ.കൊവിഡ് പടര്‍ന്നുപിടിക്കുന്ന സമയത്താണ് ഈ പുരസ്‌കാരം എനിക്ക് പ്രഖ്യാപിച്ചത്. പിന്നീട് ലോകം ആകെ നിശ്ചലമായി. രോഗം വഴിമാറിയപ്പോള്‍ ഞാന്‍ എന്റെ യാത്രകളുടെ ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നില്ല. കോഴിക്കോട് വച്ചു തന്നെ ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതായിരുന്നു എന്റെ ആഗ്രഹം. എനിക്ക് മുന്‍പേ ഈ പുരസ്‌കാരം ഏറ്റുവാങ്ങിയ ഒരുപാട് പ്രതിഭകളുണ്ട്. അക്കൂട്ടത്തില്‍ ഞാന്‍ ഏറെ സ്‌നേഹിക്കുന്ന മമ്മൂട്ടിക്കയുമുണ്ട്.

കഴിഞ്ഞ നാലര പതിറ്റാണ്ടായി ഞാന്‍ സിനിമയുടെ ഭാഗമാണ്. ഒരുപാട് മോഹിച്ച് അലഞ്ഞു നടന്ന ആളല്ല ഞാന്‍. എന്റെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങള്‍ യാദൃശ്ചികമായി സംഭവിച്ചതാണ്. എന്റെ കൂട്ടുകാരാണ് ആദ്യമായി എന്നെ ഒരു മൂവീ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവന്നത്. അവരാണ് എനിക്ക് പിടിച്ച് നില്‍ക്കാന്‍ താങ്ങായത്. എനിക്ക് ലഭിച്ച ഓരോ പുരസ്‌കാരങ്ങളും അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്.

സിനിമയിലെത്തിയതിന് ശേഷം എന്റെ കലാജീവിതം കാലത്തിനൊപ്പമുള്ള ഒഴുക്കായിരുന്നു. വലിയ എഴുത്തുകാരും സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ചേര്‍ന്നാണ് എന്നിലെ നടനെ സൃഷ്ടിച്ചത്. ഞാന്‍ ആ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുകയായിരുന്നില്ല,എന്നിലെ കഥാപാത്രങ്ങള്‍ക്ക് അവര്‍ ജീവന്‍ നല്‍കുകയായിരുന്നു.

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികളോടെയല്ല ഞാന്‍ ഈ രംഗത്തേക്ക് വന്നത്. അതുകൊണ്ട് എന്റെ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് ഞാന്‍ അജ്ഞനാണ്. എന്നോടൊപ്പം നിങ്ങള്‍ നില്‍ക്കുന്ന കാലത്തോളം ഞാന്‍ ഇവിടെയുണ്ടാകും എന്നേ എനിക്ക് പറയാന്‍ കഴിയൂവെന്നും മോഹൻലാൽ വ്യക്തമാക്കി.