Entertainment

എന്റെ സിനിമകള്‍ ലാല്‍ കണ്ടതിനെക്കാളും ലാലിന്റെ സിനിമകള്‍ ഒരുപക്ഷെ ഞാന്‍ കണ്ടിട്ടുണ്ടാവും: മമ്മൂട്ടി

പടയോട്ടം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കഥ പറയാന്‍ വന്നപ്പോഴാണ് ലാലിനെ കാണുന്നത്.

മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഏകദേശം ഒരേ സമയത്ത് സിനിമയിലെത്തി സൂപ്പര്‍താരങ്ങളായി മാറിയ ഇരുവരും ഉറ്റസുഹൃത്തുക്കളും കൂടിയാണ്. മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി സംസാരിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് മമ്മൂട്ടിയോട് മോഹന്‍ലാലിനെ കുറിച്ച് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നതാണ് വിഡിയോയിലെ ഉള്ളടക്കം.

മമ്മൂട്ടിയുടെ വാക്കുകള്‍…

പടയോട്ടം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കഥ പറയാന്‍ വന്നപ്പോഴാണ് ലാലിനെ കാണുന്നത്. അതിന് ശേഷമാണ് ഞാനും ലാലും പരിചയപ്പെടുന്നത്. ആ സൗഹൃദം, ഒരുമിച്ച് ഉള്ളൊരു വളര്‍ച്ച, ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാന്‍ പറ്റി. ലാല്‍ ആദ്യമൊക്കെ വില്ലന്‍ വേഷങ്ങളാണ് ചെയ്തത്. തമാശകള്‍ ഒരുപാട് ഉണ്ടാക്കും ജീവിതത്തില്‍.

അഹിംസയുടെ ഷൂട്ടിംഗ് സമയത്ത് ഞാന്‍ മോഹന്‍ലാലിനെ കുറിച്ച് അവിടെ പറയും. മോഹന്‍ലാലിനെ ആ സിനിമയുടെ ലൊക്കേഷനില്‍ വിളിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പുള്ളിക്ക് ശശി സാറിനെ അറിയത്തില്ല. ദാമോദരന്‍ മാഷിനേയും അറിയില്ല.

അതിന് ശേഷമാണ് ഒരു വേഷത്തിന് വിളിച്ചത്. അന്ന് എന്റെ കൂടെ ഒന്ന് രണ്ട് പടത്തില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട്. ആ സൗഹൃദം അങ്ങനെ വളര്‍ന്ന് വളര്‍ന്ന് ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു,

ഏകദേശം പത്ത് അറുപത് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു. നായകനും വില്ലനും, നായകന്മാരായിട്ടും… ഞാന്‍ അന്ന് ലാലിനെപ്പറ്റി പറഞ്ഞ ഒരു കാര്യം ഉണ്ട്… അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് ലാലെന്ന്. ഈ രണ്ടുപേരുടേയും ഗുണങ്ങള്‍ ഉണ്ട്. അങ്ങനെ ഒരു നടനെന്ന രീതിയില്‍ ലാല്‍ ഒരുപാട് വളര്‍ന്നു… ഇപ്പോഴത്തെ മോഹന്‍ലാലായി.

അങ്ങോട്ടും ഇങ്ങോട്ടും കണ്ടുകൊണ്ടാണ് ഞങ്ങളുടെ വളര്‍ച്ചയും. എന്റെ സിനിമകള്‍ ലാല്‍ കണ്ടതിനെക്കാളും ലാലിന്റെ സിനിമകള്‍ ഒരുപക്ഷെ ഞാന്‍ കണ്ടിട്ടുണ്ടാവും. ലാലിന്റെ സിനിമയെ കുറിച്ച് അഭിപ്രായം പറയാറുണ്ട്… ഡിസ്‌കസ് ചെയ്യാറുണ്ട്.. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെ കുറിച്ച് സംസാരിക്കാറുണ്ട്..

അങ്ങനെ രണ്ട് താരങ്ങളായി.. രണ്ട് നടന്മാരായി എല്ലാ സ്ഥലത്തും ഒരുപോലെയായി… അവാര്‍ഡ് കിട്ടുമ്പോ ഒരു കൊല്ലം ഒരാള്‍ക്ക് കിട്ടും അടുത്ത കൊല്ലം അടുത്താള്‍ക്ക്… നാഷണല്‍ അവാര്‍ഡ് പോലും അങ്ങനെയായി… മമ്മൂട്ടി വ്യക്തമാക്കി.