Entertainment

തകര്‍ത്തു വാരി മാമാങ്കം 100 കോടി ക്ലബില്‍; ഇനി ചൈനയിലേക്ക്

റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മമ്മൂട്ടിയുടെ മാമാങ്കം. റിലീസ് ചെയ്ത് എട്ടാം ദിവസം നൂറുകോടി ക്ലബ്ബില്‍ ഇടംപടിച്ചിരിക്കുകയാണ് ഈ ചരിത്ര സിനിമ. സിനിമയുടെ ആഗോള കളക്ഷന്‍ 100 കോടി പിന്നിട്ടതായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. നൂറ് കോടി ക്ലബില്‍ ഇടം നേടുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് മാമാങ്കം. മധുരരാജയും ഈ നേട്ടം കൈവരിച്ചിരുന്നു. സിനിമയ്‍ക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനിടയിലും വിമര്‍ശനങ്ങള്‍ക്കിടിയിലുമാണ് മാമാങ്കം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രം റെക്കോര്‍ഡ് തുകയ്ക്ക് ചൈനയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയുമാണ്. കഴിഞ്ഞദിവസമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇത് വ്യക്തമാക്കിയത്.

ഹോങ്കോങ് ആസ്ഥാനമായ വിതരണ കമ്പനി റെക്കോര്‍ഡ് വിലയ്ക്കാണ് മാമാങ്കത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ ചിത്രം ഹൗസ് ഫുള്ളായി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് അണിയറപ്രവർത്തക‍രുടെ വാദം. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ നാലു ദിവസം കൊണ്ട് 60 കോടി പിന്നിട്ടിരുന്നതും വാര്‍ത്തയായിരുന്നു. ആദ്യദിനം ചിത്രം ആഗോള കളക്ഷനായി നേടിയത് 23 കോടി രൂപയായിരുന്നുവെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി അറിയിച്ചിരുന്നു.

സംവിധായകൻ എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിതാര, ഇനിയ, മണിക്കുട്ടന്‍, പ്രാച്ചി തെഹ്ലാന്‍, സിദ്ധിഖ്, തരുണ്‍ അരോറ, മാല പാര്‍വ്വതി, സുരേഷ് കൃഷ്ണ, മേഘനാഥന്‍, മണികണ്ഠന്‍ ആചാരി, കവിയൂര്‍ പൊന്നമ്മ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

മാമാങ്കത്തിൽ ജീവൻ വെടിഞ്ഞ ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്. ചന്ദ്രോത്ത് വലിയ പണിക്കർ എന്ന ‘പരാജയപ്പെട്ട’ ചാവേറിന്റെയും 12 വയസ്സുകാരൻ ചന്തുണ്ണിയുടേയും തലമുറകളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. മമ്മൂട്ടിയാണ് ചന്ദ്രോത്ത് വലിയ പണിക്കരെ അവതരിപ്പിച്ചിരിക്കുന്നത്.