Entertainment

ബോക്സ് ഓഫീസില്‍ മുന്നേറ്റം തുടര്‍ന്ന് ഗംഗുഭായി; മികച്ച മൂന്നാമത്തെ ആദ്യവാര കളക്ഷന്‍

ബോളിവുഡില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രേക്ഷകപ്രീതി നേടുന്ന ചിത്രമായി മാറുകയാണ് അലിയ ഭട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായി കത്തിയവാഡി (Gangubai Kathiawadi). ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 10.50 കോടിയായിരുന്നു. തൊട്ടുപിറ്റേദിവസം പ്രകടനം മെച്ചപ്പെടുത്തി 13.32 കോടിയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യവാര കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്.

ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ കളക്ഷന്‍ 68.93 കോടി രൂപയാണ്. വെള്ളി- 10.50 കോടി, ശനി 13.32 കോടി, ഞായര്‍- 15.30 കോടി, തിങ്കള്‍- 8.19 കോടി, ചൊവ്വ- 10.01 കോടി, ബുധന്‍- 6.21 കോടി, വ്യാഴം- 5.40 കോടി എന്നിങ്ങനെയാണ് ആദ്യ ഏഴ് ദിവസങ്ങളിലെ കളക്ഷന്‍ കണക്കുകള്‍. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പുറത്തുവിട്ട കണക്കാണ് ഇത്. കൊവിഡിന് ശേഷമുള്ള ബോളിവുഡ് ബോക്സ് ഓഫീസ് പരിശോധിച്ചാല്‍ ഏറ്റവും മികച്ച മൂന്നാമത്തെ ആദ്യവാര കളക്ഷന്‍ ആണിത്. അക്ഷയ് കുമാര്‍ നായകനായ സൂര്യവന്‍ശി, രണ്‍വീര്‍ സിം​ഗ് നായകനായ 83 എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. സൂര്യവന്‍ശി 120.66 കോടിയും 83 71.87 കോടിയുമാണ് നേടിയിരുന്നത്.