Entertainment

‘ഭീഷ്‍മ’യ്ക്ക് സുഷിന്‍ സൃഷ്ടിച്ച മുഴുവന്‍ ഈണങ്ങളും; ജൂക് ബോക്സ്

അമല്‍ നീരദ് (Amal Neerad) സിനിമകളിലെ ദൃശ്യങ്ങള്‍ പോലെ ശ്രദ്ധിക്കപ്പെടാറുള്ള ഒന്നാണ് സംഗീതം. പാട്ടുകളേക്കാള്‍ പശ്ചാത്തല സംഗീതമാവും പ്രേക്ഷകരുടെ ശ്രദ്ധയില്‍ പെടുകയെന്ന് മാത്രം. പക്ഷേ മമ്മൂട്ടി (Mammootty) നായകനായ ഏറ്റവും പുതിയ ചിത്രം ഭീഷ്മ പര്‍വ്വത്തിലെ (Bheeshma Parvam) പാട്ടുകളും പശ്ചാത്തലസംഗീതത്തോടൊപ്പം ശ്രദ്ധിക്കപ്പെട്ടു. സുഷിന്‍ ശ്യാം (Sushin Shyam) ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓഡിയോ ജൂക് ബോക്സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മൂന്ന് ഗാനങ്ങള്‍ക്കൊപ്പം ബിഗിനിംഗ് ടൈറ്റില്‍സിന്‍റെ പശ്ചാത്തല സംഗീതവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അതേസമയം സമീപകാലത്ത് ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ വിജയത്തിലേക്കാണ് ബോക്സ് ഓഫീസില്‍ ഭീഷ്മ മുന്നേറുന്നത്. ഈ മാസം 3ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ അടക്കം ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് ഇത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യ ബിഗ് റിലീസ് എന്നതും ചിത്രത്തിന് ഗുണമായി.

ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. പിആര്‍ഒ ആതിര ദില്‍ജിത്ത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.