കടൽ കാറ്റിൻ്റെ തണുപ്പിൽ സ്നേഹത്തിൻ്റെ ,സൗഹാർദ്ദത്തിൻ്റെ മൂടുപടമണിഞ്ഞു നിൽക്കുന്ന തലശ്ശേരി എന്ന തുറമുഖ പട്ടണത്തിൽ ഒരു പ്രധാന വാർത്തയായി കുഞ്ചുവിൻ്റെ മരണം.ആൻ മരിയക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ സംഭവം.പരസ്പര ബഹുമാനത്തോടെ പെരുമാറിയിരുന്ന സുഹൃത്തുക്കൾ മാത്രമായിരുന്നു അവർ.മണ്ണുവാരികളിക്കുന്ന കൊച്ചുകുട്ടികളെപ്പോലെ ചിലപ്പോൾ അവർ തമ്മിൽ വഴക്കടിച്ചു.പരസ്പരം കളിയാക്കി,അറിയാവുന്ന കാര്യങ്ങൾ പഠനത്തിനിടയിലുള്ള വിശ്രമവേളകളിൽ ചർച്ച ചെയ്തു.അപരിചിതമായ ഒരു പുതിയ സംസ്കാരവും ആചാരങ്ങളും മനസ്സിലാക്കാനുള്ള ആഗ്രഹം മാത്രമായിരുന്നു ആൻ മരിയയുടേത്.
ആൻ മരിയ ഒരിക്കൽ ചോദിച്ചു
,”കുഞ്ചു,ആർ യു മാരീഡ്?”
“നോ”.
“വൈ?”
വീട്ടിലെ പ്രാരാബ്ധങ്ങൾ ,ഒരു കുടുംബമായി ജീവിക്കാനുള്ള ബുദ്ധിമുട്ടുകൾ അവൻ വിശദീകരിച്ചു.അവൾ എല്ലാം ഒരു കൊച്ചുകുട്ടിയുടെ ജിജ്ഞാസയോടെ കേട്ടിരിക്കും.”നിനക്ക് ഗീതയെ വിവാഹം കഴിച്ചുകൂടെ?”
“പാടില്ല.ഞങ്ങൾ താഴ്ന്ന ജാതിയാണ്.””ജാതി?അതെന്താണ്?”
…………..
ഇന്ന് അവനില്ല.
ഇന്ത്യയിലെ ആചാരങ്ങൾ,ജാതി വ്യവസ്ഥകൾ എല്ലാം ആൻ മരിയക്ക് വളരെ താല്പര്യമുള്ള വിഷയങ്ങൾ ആയിരുന്നു.തിരുവിതാംകൂർ പ്രദേശങ്ങളിൽ ഈഴവ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അവകാശമില്ല എന്ന് കേട്ട് “ഇതെന്തു നിയമം?”എന്ന് ആശ്ചര്യപ്പെട്ടു.ആൻ മരിയയുടെ ചോദ്യങ്ങൾക്ക് പലപ്പോഴും മറുപടി പറയാൻ കുഞ്ചു വിഷമിച്ചു.ദിവസവും എന്തെങ്കിലും ചോദ്യങ്ങൾ സംശയങ്ങൾ ആൻ മരിയയ്ക്ക് ഉണ്ടാകും.,”വാട്ട് ഈസ് ദാറ്റ് ?വാട്ട് ഈസ് ദിസ്?”
………
ആൻ മരിയ ഒരു കൊച്ചുകുട്ടിയെപ്പോലെ തേങ്ങിക്കരഞ്ഞു.ബ്രൈറ്റ് ഒന്നും മനസ്സിലാകാത്തതുപോലെ,ഇതൊന്നും തൻ്റെ വിഷയമല്ല,എന്ന ഭാവത്തിൽ നടന്നു.പോലീസ് വന്നു
ഇൻക്വസ്റ്റും പോസ്റ്മാർട്ടവും നടന്നു.തലയിലെ മുറിവ് മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കപ്പെട്ടു.
കുഞ്ചു കടൽ പാലത്തിൽ നിന്നും വീണു തലയിടിച്ചു ഉണ്ടായതാണ് മുറിവ് എന്ന നിഗമനത്തിൽ ഒരു അപകടമരണമാണ് എന്ന് എഴുതി.ശങ്കരൻ നായർക്ക് അത് വിശ്വാസമായില്ല.”കാൽ വഴുതി വീണാൽ അത് വെള്ളത്തിലേക്കല്ലേ വീഴുക?.ഇത്രയും മാരകമായ മുറിവ് തലയിൽ ഉണ്ടാകുമോ?”പോസ്റ്റുമാർട്ടം നടത്തിയെങ്കിലും എല്ലാം കൃത്യമായി തയാറാക്കിയ ഒരു പരിപാടി മാത്രമായിരുന്നു. ഇന്ത്യക്കാരായ പോലീസ്‌കാർ ബ്രിട്ടീഷ്‌കാരനായ സ്റ്റേഷൻ ഓഫിസർ പറഞ്ഞതുപോലെ എല്ലാം ചെയ്തു.നായർക്ക് എല്ലാം മനസ്സിൽ ആകുന്നുണ്ടായിരുന്നു.ബ്രൈറ്റിൻ്റെ അദൃശ്യമായ കൈകൾ ഇതിന് പിന്നിലുണ്ട് എന്ന് നായർ വിശ്വസിച്ചു.
ശങ്കരൻ നായരെ സംബന്ധിച്ചിടത്തോളം തൻ്റെ വലം കയ്യാണ് നഷ്ടപെട്ടത്.ജോലിക്കാരുടെ ഇടയിലും മുറുമുറുപ്പ് ഉയർന്നു.എല്ലാവര്ക്കും സമ്മതനായ ചെറുപ്പക്കാരനായിരുന്നു കുഞ്ചു.പലരും ബ്രൈറ്റിൻ്റെ കൈ ഈ സംഭവത്തിന് പിന്നിൽ ഉണ്ട് എന്ന് വിശ്വസിച്ചു.എന്നാൽ അത് തുറന്നു പറയാൻ അവർ ഭയപ്പെട്ടു. സംഭവത്തിന് ദൃക്‌സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല.ഇടക്ക് ഒന്നും അറിയാത്തതുപോലെ ബ്രൈറ്റ് നായരോട് ചോദിച്ചു.”വാട് ഹാപ്പെൻഡ് ടു കുഞ്ചു?”.അതൊരു കെണിയാണ്.കാര്യങ്ങളുടെ കിടപ്പ് സൂത്രത്തിൽ അറിയാനുള്ള ശ്രമമാണ്.”ഒരു അപകടം പറ്റി.”ഒന്നും അറിഞ്ഞുകൂടാത്തതുപോലെ നായർ പറഞ്ഞു.
“ആർക്കും ഒന്നും മനസ്സിലായിട്ടില്ല.ഇഡിയറ്റ്സ് “. ബ്രൈറ്റ് മനസ്സിൽ പറഞ്ഞു.ഇന്ത്യക്കാർ വിഡ്ഢികളാണെന്ന് ബ്രൈറ്റ് വിശ്വസിക്കുകയും പറയുകയും ചെയ്യുമായിരുന്നു.ഉടനെ തന്നെ നായർ പറഞ്ഞു,”ഒരു ഡബിൾ ബാരൽ ഗൺ ഉപയോഗിച്ച് ദൂരെ നിന്ന് വെടി വച്ചതുപോലെയുണ്ട് ആ മുറിവുകണ്ടാൽ.”ബ്രൈറ്റിൻ്റെ മുഖം വലിഞ്ഞു മുറുകി.ദൃക്‌സാക്ഷികളില്ലെങ്കിലും വെടിയേറ്റാണ് കുഞ്ചു മരിച്ചതെന്ന് കണ്ടുപിടിക്കാൻ യാതൊരു വിഷമവുമില്ല.നായർക്ക് അത് മനസ്സിലായിട്ടുണ്ടാകുമോ?
“പക്ഷെ ,ഇത് വീണ് തലയടിച്ചു മുറിവുണ്ടായതാണ് എന്നാണ് ഡോക്ടർ പറയുന്നത് .”
ബ്രൈറ്റിന് ആശ്വാസമായി.നായർക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.കുഞ്ചുവിൻ്റെ മരണം ആൻ മരിയയെ വല്ലാതെ ഉലച്ചുകളഞ്ഞു.അവരുടെ മനസ്സിൻ്റെ താളം തെറ്റിയതുപോലെ ആയി. വല്ലാത്ത ഒരു കുറ്റബോധം അവരെ പിടികൂടി.താൻ കാരണമാണ് ഇതെല്ലം സംഭവിച്ചതെന്ന് ആൻ വിശ്വസിച്ചു.എങ്കിലും ആൻ ഇടക്കിടക്ക് എന്തു തെറ്റാണ് താൻ ചെയ്തത് എന്നു ചോദിച്ചു കൊണ്ടിരുന്നു.മാനസികമായി തളർന്ന അവർ ബംഗ്ളാവിന് പുറത്തിറങ്ങാതെയായി.ചില ദിവസങ്ങളിൽ കാലത്തു് എഴുന്നേറ്റ് കുളിച്ചു റെഡിയായി കളരിപ്പയറ്റിനുള്ള ഡ്രസ്സ് ധരിച്ചു അവൾ കാത്തിരിക്കും.
പിന്നെ വേലക്കാർ വന്നു നിർബ്ബന്ധിച്ചു കൂട്ടികൊണ്ടുപോകണം. ഒന്നും ചെയ്തില്ലെങ്കിലും കുറ്റ ബോധം അവരെ കീഴടക്കി.എന്തുകൊണ്ടോ താൻ കാരണമാണ് കുഞ്ചു മരിച്ചതെന്ന് അവർ വിചാരിച്ചു, അങ്ങിനെ വിശ്വസിച്ചു.ഇത് ഒരു അപകടമരണമല്ല.ഈ മരണത്തിനുപിന്നിൽ ജെയിംസ് ബ്രൈറ്റ് ആണന്ന് അവർക്ക് ഉറപ്പായിരുന്നു.ആൻ മരിയയുടെ അവസ്ഥ ബ്രൈറ്റ് അറിയുന്നുണ്ടായിരുന്നു.ഒന്നുംമനസ്സിലാകാത്തതുപോലെ അയാൾ അഭിനയിച്ചു.കാര്യങ്ങൾ തൻ്റെ നിയന്ത്രണങ്ങൾക്ക് പുറത്തുപോകുമോ എന്ന ഭയം ബ്രൈറ്റിനെ അലട്ടി.തനിക്കെതിരായി എല്ലാവരും തിരിഞ്ഞിരിക്കുന്നു എന്ന തോന്നലിൽ ബ്രൈറ്റ് കോട്ടിനടിയിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന റിവോൾവറിൽ ധൈര്യം കണ്ടെത്തി.
ബ്രൈറ്റ് വേണ്ടിവന്നാൽ തന്നെയും കൊല്ലുമെന്ന് ആൻ ഭയന്നു.ഇംഗ്ലണ്ടിലേക്കുള്ള യാത്രക്ക് ഇനി മൂന്നാഴ്ച കൂടി കാത്തിരിക്കണം എന്നത് അവരെ വല്ലാതെ വിഷമിപ്പിച്ചു..എത്രയും വേഗം തിരിച്ചുപോകണം.അതുമാത്രമായിരുന്നു ആൻ മരിയയുടെ മനസ്സിൽ.ഒരു കാലത്തു് തലശ്ശേരിയേയും അവിടുത്തെ ജനങ്ങളേയും വല്ലാതെ ഇഷ്ട്ടപെട്ട ആൻ മരിയയുടെ മനസ്സിൽ ഭയം നിറഞ്ഞൂ.ശങ്കരൻ നായർ ആൻ മരിയയെ സമാധാനിപ്പിക്കാൻ പലതും പറഞ്ഞു നോക്കി.പുറത്തിറങ്ങി നടക്കാനും സായാഹ്നങ്ങളിൽ ക്ലബ്ബിൽ പോകാനും നിർബ്ബന്ധിച്ചു.ഒരു കുഞ്ഞനിയത്തിയോടുള്ള സ്നേഹവും വാത്സല്യവും ആയിരുന്നു നായർക്ക് ആൻ മരിയയോട്.പക്ഷെ എല്ലാം നിഷ്ഫലം ആയി.ടെൻഷൻ കൂടി കൂടി ഭക്ഷണംപോലും കഴിക്കാൻ വയ്യാത്ത അവസ്ഥയിലായി ആൻ .
എപ്പോഴും പാട്ടും ഡാൻസും എല്ലാമായി ജീവിതം ഒരു ആഘോഷമായി കൊണ്ടുനടന്ന ആൻ തികച്ചും മൗനിയായി മാറി, എല്ലാവരേയും ഭയത്തോടെ നോക്കി. സ്വന്തം നിഴലിനേപ്പോലും ഭയന്നു.. എല്ലാം കണ്ടും കേട്ടും സഹിക്കവയ്യാതെ നായർ അവരുടെ ഡോക്ടറെ വരുത്തി.പക്ഷെ ആൻ അവരെ കാണൻ വിസമ്മതിച്ചു.ടെൻഷൻ കുറയ്ക്കാൻ ഡോക്ടർ ഏതാനും മരുന്നുകൾ എഴുതിക്കൊടുത്തു.പക്ഷെ മരുന്നുകൾ ഒന്നും കഴിക്കാൻ ആൻ തയ്യാറല്ലായിരുന്നു.ആൻ മരിയക്ക് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകാനുള്ള കാത്തിരിപ്പ് അസഹനീയമായി തോന്നി.എന്ത് ചെയ്യണം എന്നറിയാതെ നായരും വിഷമിച്ചു.ആൻ മരിയയെ അന്വേഷിച്ച് ജൂലി ടുബിയോസ് ബാസൽ മിഷനിൽ നിന്നും വന്നു. പക്ഷേ ആൻ അവരെ തിരിച്ചറിഞ്ഞില്ല.,യാതൊരു താല്പര്യവും കാണിച്ചില്ല.
ഒരു ദിവസം ആൻ മരിയയെ കാണാതായി.വേലക്കാർ അവരെ അന്വേഷിച്ചു നടന്നു.മടുത്തപ്പോൾ ശങ്കരൻ നായരെ വിവരം അറിയിച്ചു.നായർ സ്വന്തം നിലക്ക് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും കിട്ടാതായപ്പോൾ ബ്രൈറ്റിനെ വിവരം അറിയിച്ചു.അയാൾ അത് കേട്ടതായി ഭാവിച്ചതേയില്ല.
ജോലിക്കാരും നായരും കൂടി ബംഗ്ലാവിലും പരിസര പ്രദേശങ്ങളിലും തേടി നടന്നു.ഏതാനും ആളുകളെ നഗരത്തിലും കടൽ തീരത്തും അന്വേഷിക്കാൻ അയച്ചു.യാതൊരു വിവരവും കിട്ടാതെ അവർ തിരിച്ചു വന്നു.
അവസാനം അടച്ചിട്ട ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് വാതിൽപൊളിച്ചു് അകത്തു കയറി നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചു് ആൻ മരിയ ബാത്ടബ്ബിൽ കിടക്കുന്നു.മരിച്ചിട്ടു മണിക്കൂറുകൾ കഴിഞ്ഞിരുന്നു.
ഇംഗ്ലണ്ടിലേക്ക് പോകാൻ ഇനി ഒരാഴ്ചയേ ഉണ്ടായിരുന്നുള്ളു. കാത്തിരിക്കാൻ അവർക്ക് കഴിഞ്ഞില്ല.
കയ്യിലെ രക്തകുഴലുകൾ മുറിച്ചു് ആൻ മരിയ ആത്മഹത്യ ചെയ്യുകയായിരുന്നു.
വിവരം അറിഞ്ഞിട്ടും ജെയിംസ് ബ്രൈറ്റ് അനങ്ങിയില്ല.ഇതെന്ത് മനുഷ്യൻ?ജോലിക്കാർ തമ്മിൽ തമ്മിൽ പറഞ്ഞു.എപ്പോഴും ശബ്ദമുഖരിതമായിരുന്ന ബംഗ്ലാവിൽ നിശ്ശബ്ദത ഘനീഭവിച്ചു.മരണത്തിൻ്റെ ഗന്ധവുംപേറി ഒരു വലിയ ശവകുടീരംപോലെ ആയി ആ ബംഗ്ലാവ്.ജോലിക്കാരെ സംബന്ധിച്ചിടത്തോളം ഓടിച്ചാടി അവരുടെക്കൂടെ കളിച്ചുരസിച്ചു നടന്ന അവരുടെ മാഡം ഇനി തിരിച്ചുവരില്ല എന്ന അറിവ് അസഹനീയമായിരുന്നു.
ആരോടും യാത്ര പറയാതെ അവരുടെ ആൻ മാഡം പോയി.നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബ്രൈറ്റിന് താല്പര്യമില്ലാത്തതുകൊണ്ട് ആൻ മരിയയുടെ ബോഡി ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയില്ല.പ്രകാശം മങ്ങിത്തുടങ്ങിയ ഒരു സായാഹ്നത്തിൻറെ നഷ്ടം പോലെ തലശ്ശേരിയിലെ ആംഗ്ലോ ഇൻഡ്യൻ സിമിത്തേരിയിൽ അവൾ തനിച്ചു് ഉറങ്ങി.എപ്പോഴും തൻ്റെ പിറകെ “മിസ്റ്റർ നായർ”, എന്നും വിളിച്ചു ഓടി നടന്ന ആൻ ഇനി തിരിച്ചുവരില്ല എന്നോർക്കുമ്പോൾ നായരുടെ കണ്ണുകൾ നിറയും.ശങ്കരൻ നായരുടെ മകൾ ഗീതയെ വലിയ കാര്യമായിരുന്നു ആൻ മരിയയ്ക്ക്.ഇടക്കിടക്ക് മകളെക്കുറിച്ചു് നായരോട് ചോദിച്ചുകൊണ്ടിരിക്കും.ഇന്ന് എല്ലാംവേദനിപ്പിക്കുന്ന ഓർമ്മകൾമാത്രമായി..
എല്ലാവർക്കും എല്ലാം അറിയാമായിരുന്നുവെങ്കിലും ആരും ഒന്നും അറിയാത്ത രീതിയിൽ പെരുമാറി.
ഇപ്പോൾ പഴയതുപോലെ നായരും ബ്രൈറ്റും സായാഹ്നങ്ങളിൽ നടക്കാൻ ഒന്നിച്ചു് പോകാറില്ല.ചിലപ്പോൾ ബ്രൈറ്റ് നാരായണൻ മേസ്ത്രിയെ കൂടെ കൂട്ടും.അല്ലെങ്കിൽ പട്ടണത്തിലേക്കോ തലശ്ശേരിയിലെ കടൽപ്പാലത്തിലേക്കോ തനിച്ചു പോകും.ഇരുട്ടിൻ്റെ നിഴലുകൾ വീണുതുടങ്ങിയ ഒരു സായാഹ്നത്തിൽ നായർ ആൻ മരിയയെ സംസ്കരിച്ച ആംഗ്ലോ ഇന്ത്യൻ സിമിത്തേരിക്ക് മുൻപിലൂടെ തൻ്റെ വീട്ടിലേക്ക് നടന്നു.അവിടെ മങ്ങിയ വെളിച്ചത്തിൽ ആരോ ആൻ മരിയയുടെ കല്ലറക്ക് മുൻപിൽ നിൽക്കുന്നു.നായർ റോഡിൽ ഒരരികിലേക്ക് മാറി നിന്നു.നായർ ഞെട്ടിപ്പോയി.അതെ ,അത് ജെയിംസ് ബ്രൈറ്റ് ആണ്.
അയാൾ കരയുകയാണ്.അയാൾക്ക് ഭ്രാന്താണോ?
എന്ത് തരം സ്വഭാവമാണ് ഇയ്യാളുടേത്.?.അല്പസമയം കഴിഞ്ഞു ജെയിംസ് ബ്രൈറ്റ് പുറത്തേക്കു പോയി.നായർക്ക് ആൻ മരിയയുടെ കല്ലറയുടെ അടുത്തേക്ക് പോകണം എന്ന് തോന്നി.
അവിടെ ഭംഗിയായി കല്ലറയിൽ എഴുതി വച്ചിരിക്കുന്നു.ആൻ മരിയ ബ്രൈറ്റ്.ജനനം……എന്തോ ഒരു വികാരത്തള്ളലിൽ അവിടെ അടുത്ത് ഇളകി കിടന്നിരുന്ന ആരുടെയോ ഒരു ശിലാഫലകം നായർ പൊക്കി എടുത്തു.ആൻ മരിയയുടെ കല്ലറയിൽ എഴുതി വച്ചിരുന്ന ബ്രൈറ്റ് എന്ന വാക്ക് ആ ശിലാഫലകം കൊണ്ട് നായർ മറച്ചു. കുറച്ചു ദൂരേക്ക് മാറി നിന്നു നോക്കി.ഇപ്പോൾ ബ്രൈറ്റ് എന്ന വാക്ക് ആരും കാണില്ല.നായർ ഒരു കിതപ്പോടെ പുറത്തേക്ക് നടന്നു.കണ്ണുനീർ കൊണ്ട് കാഴ്ചകൾ മറയുന്നു.
ഇരുട്ടിൻ്റെ മൂടുപടം തലശ്ശേരി പട്ടണത്തെ മൂടി. നായർ നടന്നു വീട്ടിലേക്ക്.വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്തുപറയാൻ?ശങ്കരൻ നായർ അപ്പോൾ അറിഞ്ഞില്ല താൻ ഒരിക്കൽക്കൂടി മറ്റൊരു സ്ഥലത്തു് ഒരു ശിലാഫലകം സ്ഥാപിക്കേണ്ടിവരും എന്ന്……..
(തുടരും)
NOVEL PART-1 NOVEL PART -2 NOVEL PART – 3
..