Business

പിറന്നാൾ ദിനത്തിൽ 60,000 കോടി രൂപ ദാനം ചെയ്യുമെന്ന് ഗൗതം അദാനി

അദാനി ഗ്രൂപ്പ് ചെയർമാനും ഏഷ്യയിലെ അതിസമ്പന്നരിൽ ഒരാളുമായ ഗൗതം അദാനി തന്റെ പിറന്നാൾ ദിനത്തിൽ 60,000 കോടി രൂപ ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അദാനി ഫൗണ്ടേഷന്റെ ഭാഗമായാകും തുക വിതരണം ചെയ്യുക.

ആരോഗ്യ രംഗം, വിദ്യാഭ്യാസ, സ്‌കിൽ ഡെവലപ്‌മെന്റ് എന്നിവയ്ക്ക് വേണ്ടിയാകും തുക വിനിയോഗിക്കുന്നത്. ശാന്തിലാൽ അദാനിയുടെ നൂറാം ജന്മവർഷം കൂടി പരിഗണിച്ചാണ് ഇന്ത്യൻ കോർപറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ധനസഹായം നടത്തുന്നതെന്ന് ഗൗതം അദാനി പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി കോടികൾ ചെലവഴിക്കുന്ന, മാർക്ക് സക്കർബർ, വാരൺ ബഫറ്റ് എന്നിവരുൾപ്പെടുന്ന അതിസമ്പന്നന്മാരുടെ പട്ടികയിലേക്ക് ഇതോടെ ഗൗതം അദാനിയും എത്തുകയാണ്. ബ്ലൂംബർഗ് ബില്യണെയർ പട്ടിക പ്രകാരം 92 ബില്യൺ ഡോളറാണ് ഗൗതം അദാനിയുടെ ആസ്ഥി. ഈ വർഷം 15 ബില്യൺ ഡോളറാണ് അദാനി സമ്പാദിച്ചത്.

1988 ൽ ചെറുകിട കാർഷിക വിപണന ശൃംഖലയായി പ്രവർത്തനമാരംഭിച്ച അദാനി ഗ്രൂപ്പ് ഇന്ന് ശതകോടികൾ മൂല്യമുള്ള സ്ഥാപനമാണ്.