World

‘നഷ്ടങ്ങളേ ഉണ്ടാകുന്നുള്ളൂ, സഹോദരന്മാരെ, ഒന്ന് നിർത്തൂ’; പശ്ചിമേഷ്യയിലെ യുദ്ധത്തിനെതിരെ മാർപ്പാപ്പ

പശ്ചിമേഷ്യ അശാന്തമായി തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. ആക്രമണം ഉടൻ നിർത്തണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർപ്പാപ്പ അമേരിക്കൻ പ്രസിഡന്റുമായി 20 മിനിറ്റോളം ചർച്ച നടത്തിയത്. ​ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനെക്കുറിച്ചും മാർപ്പാപ്പ ചർച്ച ചെയ്തു. (Brothers, Stop Pope Francis On Hamas-Israel War)

റോമിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന പരമ്പരാഗത ആഞ്ചലസ് പ്രാർത്ഥനയ്ക്ക് ശേഷം യുദ്ധം നിർത്താൻ മാർപ്പാപ്പ ആഹ്വാനം ചെയ്യുകയും ചെയ്തു. യുദ്ധം എല്ലായ്പ്പോഴും നഷ്ടങ്ങൾ മാത്രമേ സമ്മാനിക്കൂ, സഹോദരന്മാരെ നിർത്തൂ, നിർത്തൂ… മാർപ്പാപ്പ പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

അതേസമയം യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉന്നത ലോകനേതാക്കൾ വിവിധ ചർച്ചകൾക്കായി ഇസ്രയേലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ ഇന്ന് ഇസ്രയേലിലെത്തുമെന്നാണ് റിപ്പോർട്ട്. ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെയും ഇസ്രയേലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഗാസ മുനമ്പ് ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 1700ലധികം കുട്ടികളാണെന്നാണ് റിപ്പോർട്ട്. പലസ്തീൻ കുട്ടികളുടെ സംരക്ഷണത്തിനായുള്ള വേള്‍ഡ് മൂവ്മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ഏഴ് മുതല്‍ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 1700 കുട്ടികളും വെസ്റ്റ് ബാങ്കില്‍ 27 കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കണക്കനുസരിച്ച് 120 കുട്ടികളാണ് പ്രതിദിനം ഗാസയില്‍ കൊല്ലപ്പെട്ടത്.