Kerala

അകത്ത് പായസവിതരണം; പുറത്ത് കൈതോലപ്പായ ഉയര്‍ത്തി ചാണ്ടി ഉമ്മന്റെ വീട്ടില്‍ ആഘോഷം


പുതുപ്പള്ളിയില്‍ ചരിത്ര വിജയത്തിലേക്ക് കടക്കുന്ന ചാണ്ടി ഉമ്മന്റെ വീടിന് മുന്നില്‍ ആഘോഷം തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വീടിനകത്ത് കുടുംബാംഗങ്ങള്‍ പായസ വിതരണം നടത്തിയാണ് ആഘോഷത്തില്‍ പങ്കുചേരുന്നത്. വീടിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈതോലപ്പായ ഉയര്‍ത്തി വിവാദങ്ങങ്ങളെയും കാറ്റില്‍ പറത്തിയാണ് വിജയം ആഘോഷിക്കുന്നത്.

ചാണ്ടി ഉമ്മന്റെ ലീഡുകള്‍ 30000 കടക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 65598 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 32569 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3297 വോട്ടുകളും നേടി. ചാണ്ടി ഉമ്മന്റെ ഇതുവരെയുള്ള ലീഡ് 33020 ആണ്. ഇനി മൂന്ന് റൗണ്ടുകള്‍ കൂടിയാണ് അവശേഷിക്കുന്നത്. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയാണ് ചാണ്ടി ഉമ്മന്‍ മറികടന്നിരിക്കുന്നത്.

യുഡിഎഫ്-67,002, എല്‍ഡിഎഫ്-33,702, എന്‍ഡിഎ-3300 എന്നിങ്ങനെയാണ് നിലവിലെ വോട്ട്‌നില. പുതുപ്പള്ളി മൂന്നാമങ്കത്തിലും ജെയ്ക് സി തോമസിനെ തുണച്ചില്ല. സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മനാണ് ലീഡുയര്‍ത്തുന്നത്. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്. ഇതോടെ 2019ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്. ജയമുറപ്പിച്ചതോടെയാണ് ചാണ്ടി ഉമ്മന്റെ വീട്ടില്‍ പായസവിതരണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലേക്ക് കടന്നത്.